ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ രണ്ടു സീസണിലും മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ താരത്തെ ആരാധകര്‍ ഹോസൂട്ടന്‍ എന്ന പേരിലാണ് സ്വീകരിച്ചത്.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ഹോസു പ്രിറ്റോ കുറിയാസ് ക്ലബ്ബ് വിട്ടു. ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നെടും തൂണായ ഹോസു ട്വിറ്ററിലൂടെയാണ് പുതിയ ക്ലബ്ബുമായുള്ള കരാര്‍ വാര്‍ത്ത പുറത്തു വിട്ടത്.
Also read എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി
സ്പാനിഷ് ക്ലബ്ബായ എക്‌സട്രിമദുര യുഡിയുമായാണ് താരത്തിന്റെ പുതിയ കരാര്‍. സ്പാനിഷ് ലീഗില്‍ നാലാം ഡിവിഷന്‍ ക്ലബ്ബാണ് എക്‌സ്ട്രിമദുര.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ രണ്ടു സീസണിലും മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ താരത്തെ ആരാധകര്‍ ഹോസൂട്ടന്‍ എന്ന പേരിലാണ് സ്വീകരിച്ചത്. മധ്യനിര താരമാണെങ്കിലും ഈ സീസണില്‍ പ്രതിരോധ നിരയിലാണ് കോച്ച് കോപ്പെല്‍ ഹോസുവിനെ കളിപ്പിച്ചിരുന്നത്. സെമി ഫൈനല്‍ മത്സരങ്ങളില്‍ കാര്‍ഡ് കണ്ടു പുറത്തായ താരത്തിന് ഇത്തവണ ഫൈനല്‍ മത്സരത്തിനിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
സീസണിലെ ആദ്യ മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്ന ടീമിന് കരുത്തു പകര്‍ന്നത് പ്രതിരോധ നിരയിലെ ഹോസുവിന്റെ സാന്നിധ്യമായിരുന്നു. ഫൈനല്‍ വരെ ടീം മുന്നേറിയതില്‍ ഹോസൂട്ടന്റെ സ്ഥാനവും വിസ്മരിക്കാനാകാത്തതാണ്.
ഹോസുവിന്റെ ട്വിറ്റര്‍ പേജില്‍ നിരവധി ആരാധകരാണ് ആശംസ അര്‍പ്പിച്ചു കൊണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടും എത്തിയത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഹോസുവിന്റെ സേവനം ആവശ്യപ്പെട്ടാല്‍ മാത്രമെ അടുത്ത സീസണില്‍ താരത്തിനു ഇനി കേരളത്തിലെത്താനാകു.