കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ വിശ്വസ്തന്‍ ഹര്‍മന്‍ജോത് ഖബ്ര ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താരം പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രണ്ട് വര്‍ഷത്തെ കരാറാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്നത്. കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് താരം ക്ലബ്ബിനോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങുന്നത്.
താരം തന്റെ പഴയ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ എഫ്.സിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. ഈസ്റ്റ് ബംഗാള്‍ ഖബ്രയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.
മുന്‍ നായകനായ ഖബ്രയെ ടീമിലെത്തിച്ചാല്‍ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഈസ്റ്റ് ബംഗാളും കണക്കുകൂട്ടുന്നത്.
2009-16 കാലത്താണ് ഖബ്ര ഈസ്റ്റ് ബംഗാളിന്റെ ഭാഗമായിരുന്നത്. ഏറെ നാള്‍ ടീമിന്റെ ട്രംപ് കാര്‍ഡായിരുന്ന താരം ശേഷം ചെന്നൈയിനിലേക്കും ബെംഗളൂരുവിലേക്കും ചുവടുമാറ്റിയത്. ബെംഗളൂരുവില്‍ നിന്നായിരുന്നു രണ്ട് വര്‍ഷത്തെ കരാറില്‍ താരം മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്നത്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ കോട്ടമതിലായിരുന്നു ഖബ്ര. ആദ്യ ഇലവനില്‍ സ്ഥിരഅംഗമായിരുന്ന താരം പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് നിരയിലെ സൂപ്പര്‍ താരം തന്നെയായിരുന്നു. 19 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഖബ്ര ഒരു ഗോളും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ ലീഗില്‍ തകര്‍ന്നടിയുകയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഒരു കാലത്തെ വമ്പന്‍മാര്‍. ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാരായിരുന്നു ടീം ഫിനിഷ് ചെയ്തത്.
20 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം സ്വന്തമാക്കി 11 പോയിന്റായിരുന്നു ടീമിനുണ്ടായിരുന്നുത്. ഇതിന് പിന്നാലെയാണ് മികച്ച താരങ്ങളെ ടീമിലെത്തിച്ച് പ്രതാപകാലത്തേക്ക് മടങ്ങിയെത്താനാണ് ഈസ്റ്റ് ബംഗാള്‍ ലക്ഷ്യമിടുന്നത്.
ഖബ്രയെ കൂടാതെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ കരുത്തന്‍ അല്‍വാരോ വാസ്‌ക്വസും ടീം വിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരുങ്ങലിലാവുമെന്നാണ് കരുതുന്നത്.
Content Highlight: Blasters defender Harmanjot Khabra to Leave from Kerala Blasters FC