കൊച്ചി: ജയം അനിവാര്യമായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും അടി തെറ്റി. പ്രതിരോധം ശക്തമാക്കാന്‍ അനസിനെ ഇറക്കിയിട്ടും ഗോവന്‍ പടയോട്ടത്തെ ചെറുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ജയം കൊതിച്ച് കലൂര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഇരുപതിനായിത്തിലധികം വരുന്ന മഞ്ഞപ്പടയ്ക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ബെംഗളൂരുവിനെതിരെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ടീമില്‍ വന്‍ മാറ്റങ്ങളുമായാണ് സ്വന്തം മൈതാനില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പക്ഷെ കളത്തിനകത്ത് മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഗോവ ഏറ്റെടുത്തതോടെ കൊമ്പന്‍മാര്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.
ALSO READ: പുരാന്റെ പൂരം; ഇന്ത്യയ്ക്ക് ജയിക്കാന്‍ 182 റണ്‍സ്
സീസണില്‍ ഗോള്‍ വേട്ട തുടരുന്ന കോറോ ആയിരുന്നു കൊച്ചിയിലും ഹീറോ. ആദ്യ പകുതിയില്‍ തന്നെ രണ്ട് വട്ടം ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയ ഫെറാന്‍ കോറോമിനാസ് സീസണിലെ ഗോള്‍ നേട്ടം എട്ടാക്കി.
11ാം മിനിറ്റിലും 45-ാം മിനിറ്റിലുമായിരുന്നു കോറോയുടെ ഗോളുകള്‍. 67-ാം മിനിറ്റില്‍ മന്‍വീറിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നിക്കോള ക്രമരോവിച്ചിന്റെ ബൂട്ടില്‍ നിന്നായിരുന്നു കൊമ്പന്‍മാരുടെ ആശ്വാസ ഗോള്‍. ഐ.എസ്.എല്‍. 2018 പതിപ്പിലെ നൂറാം ഗോളായിരുന്നു അത്.
ആക്രമണത്തിലും പന്തടക്കത്തിലും ഗോവ തന്നെയായിരുന്നു മുന്നില്‍. ആദ്യ പകുതിയില്‍ മത്സരത്തിന്റെ നിയന്ത്രണം ഗോവന്‍ ബൂട്ടുകളിലായിരുന്നെങ്കില്‍ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആശ്വാസകരമായ ചുരുക്കം ചില നീക്കങ്ങള്‍ നടത്തിയത്.
തുടര്‍ ജയത്തോടെ ഗോവ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഏഴാമതാണ്.