ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസിറ്റിനെ തോല്‍പിച്ച് വിജയപാതയിലേക്കെത്തിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്.സിയോടേറ്റ തോല്‍വിയെ കവച്ചു വെക്കുന്ന പ്രകടനമാണ് ടീം നടത്തിയത്. വിജയത്തിനൊപ്പം വാസ്‌കസിന്റെ ലോംഗ് റേഞ്ചര്‍ കൂടി ആയതോടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കാനും കൊമ്പന്‍മാര്‍ക്ക് സാധിച്ചു.
എന്നാല്‍ കേരളത്തിന്റെ സ്വന്തം താരം സഹലിന് പരിക്കേറ്റത് ആരാധകരെ അല്‍പം വിഷമിപ്പിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ താരത്തെ കോച്ച് വുകോമനൊവിച്ച് തിരികെ വിളിച്ചത്.
മത്സരത്തിനിടെ കാലില്‍ ഐസ്പാക്ക് വെച്ച് പരിക്ഷീതിതനായിരിക്കുന്ന സഹലിനെ കണ്ടതോടെ താരത്തിന് പരിക്കേറ്റു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കോച്ച് വുകോമനൊവിച്ച്.
താരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടുത്ത മത്സരത്തില്‍ സഹല്‍ എന്തുതന്നെയായാലും കേരളത്തിനായി കളത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ് കളത്തിന് പുറത്തിരിക്കേണ്ടി വന്ന മറ്റൊരു കേരള താരമായ രാഹുലും പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനാവുന്നുണ്ടെന്നും, താരം ഫിസിയോക്കൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ വരും മത്സരങ്ങളില്‍ രാഹുല്‍ ടീമിനൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തുവിട്ടത്. ഇതോടെ 13 കളികള്‍ നിന്നും 23 പോയിന്റുമായി പോയിന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
14 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി ഹൈദരാബാദാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.
ഫെബ്രുവരി പത്തിന് ജംഷഡ്പൂര്‍ എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.
Content Highlight: Blasters coach Vukomanovich about the health condition of Sahal