തോല്‍ക്കാന്‍ കാരണം അവര്‍ മാത്രം; ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വുകോമനൊവിച്ച്
Indian Super League
തോല്‍ക്കാന്‍ കാരണം അവര്‍ മാത്രം; ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വുകോമനൊവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th February 2022, 7:37 pm

തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബെംഗളൂരുവിനോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ജംഷഡ്പൂര്‍ എഫ്.സിയോടേറ്റ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയിലെ രാജാക്കാന്മാരായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

ഇപ്പോഴിതാ, തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകൊമനോവിച്ച്. താരങ്ങളുടെ മോശം തീരുമാനങ്ങള്‍ കാരണമാണ് തങ്ങള്‍ തോറ്റതെന്നാണ് വുകോമനൊവിച്ച് പറയുന്നത്.

 

‘പെനാലിറ്റിയിലൂടെ ഗോളുകള്‍ വഴങ്ങേണ്ടി വന്നത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍, രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങള്‍, ഈ സമയത്തൊന്നും കളിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ അവര്‍ക്കായില്ല.

ഇവയെല്ലാം കളിക്കാര്‍ തീരുമാനമെടുക്കേണ്ട നിമിഷങ്ങളാണ്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ഏകാഗ്രമായി മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്.’ വുകമനോവിച്ച് പറഞ്ഞു.

ഈ മത്സരത്തിലെ മൂന്നു പോയിന്റുകള്‍ നേടാനാകാത്തത് വലിയൊരു നഷ്ടമായി കരുതുന്നില്ലെന്നും ഇനിയും എല്ലാ ടീമുകള്‍ക്കും ധാരാളം മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും വുകോമനൊവിച്ച് പറഞ്ഞു.

തോല്‍വിയില്‍ തളരില്ലെന്നും അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങള്‍ വിജയത്തിനായി പോരാടുമെന്നും ഇവാന്‍ വുകോമാനോവിച്ച് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും ഡാനിയല്‍ ചിമയുടെ ഗോളുമാണ് ജംഷഡ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്.

ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള വിജയത്തോടെ 14 മത്സരത്തില്‍ നിന്നും 25 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജംഷഡ്പൂര്‍.

കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ 14 മത്സരത്തില്‍ നിന്നും 23 പോയിന്റുമായി കൊമ്പന്‍മാര്‍ മൂന്നാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

ഫെബ്രുവരി 14നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. പോയിന്റെ ടേബിളിലെ പത്താം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തില്‍ നേരിടുന്നത്.

Content Highlight: Blasters Coach Ivan Vukamanovich against Kerala Blasters