ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സ്‌ഫോടനം. യാഥാസ്ഥിതിക പാര്‍ട്ടിയായ ജാമിയത് ഉലമ ഇസ്‌ലാം ഫസല്‍ (ജെ.യു.ഐ-എഫ്) പാര്‍ട്ടി യോഗത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
മുന്‍ ആദിവാസി മേഖലയായ ബജൗറില്‍ നന്ന സ്‌ഫോടനത്തെക്കുറിച്ചുള്ള കാരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
‘ജെ.യു.ഐ-എഫ് ബജൗറിലെ ഖാര്‍ ടൗണില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനില്‍ നടന്ന സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 130 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,’ ജില്ലാ പോലീസ് ഓഫീസര്‍ നസീര്‍ ഖാന്‍ പറഞ്ഞു.
പരിക്കേറ്റവരെ കൊണ്ടുപോയ ബജൗറിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാനും (ടി.ടി.പി) ഇസ്‌ലാമാബാദും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത് മുതല്‍ പാകിസ്ഥാനില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.