ബംഗളുരു: ബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റിരുന്ന ചെന്നൈ സ്വദേശി ഭവാനി (38) എന്ന സ്ത്രീയാണ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കോക്കനറ്റ് ഗ്രൂവ് റസ്റ്ററന്റിന് സമീപം സ്‌ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിയതെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭവാനിയുടെ ബന്ധുക്കളായ (21), സന്ദീപ് എച്ച്. (39), വിനയ് (35) എന്നിവര്‍ക്ക് പരിക്കുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പോലീസ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് എന്നാണ് ആദ്യം ആളുകള്‍ വിചാരിച്ചത്. പിന്നീടാണ് ഇത് സ്‌ഫോടനമായിരുന്നുവെന്ന് മനസിലായതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ഉത്സവ സീസണ്‍ ആയതിനാല്‍ സ്ഥലത്ത് നല്ല തിരക്കുണ്ടായിരുന്നു.
ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണു സ്‌ഫോടനം നടത്തിയതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു.
അതേസമയം ഇത് ചെറിയ സ്‌ഫോടനം മാത്രമാണുണ്ടായിട്ടുള്ളതെന്നും. ഭയപ്പെടാനൊന്നുമില്ലെന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ 2008ല്‍ ബംഗളുരുവിലെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇത് കൂടാതെ 2013 നവംബറില്‍ ബി.ജെ.പി ഓഫീസിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു