| Tuesday, 24th April 2018, 11:44 am

മോദിയെ കൊല്ലുമെന്ന് ഭീഷണി; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയിലൂടെ പുറത്തു വന്ന സംഭവത്തില്‍ 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയായ മുഹമ്മദ് റഫീഖിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടറായ പ്രകാശ് എന്നയാളുമായി റഫീഖ് നടത്തിയ എട്ടുമിനുട്ട് ഫോണ്‍കോളിലാണ് മോദിയെ കൊല്ലുമെന്ന് പറയുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക ഇടപാടുകളെ കുറിച്ചും വാഹനങ്ങളെ കുറിച്ചുമാണ് സംഭാഷണം പ്രധാനമായും. പക്ഷെ പെട്ടെന്ന് റഫീഖ് തങ്ങള്‍ മോദിയെ കൊല്ലാന്‍ തീരുമാനിച്ചെന്ന് പറയുകയായിരുന്നു. 1998ല്‍ മുന്‍ അഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി കോയമ്പത്തൂരിലെത്തിയപ്പോള്‍ ചെയ്തത് പോലെ ചെയ്യുമെന്നും പറഞ്ഞതായി പൊലീസ് പറയുന്നു.


Read more: ‘കോണ്‍ഗ്രസിന്റെ ഭാഗമെന്ന നിലയില്‍ ഞാന്‍ പറയുന്നു, ഞങ്ങളുടെ കയ്യിലും മുസ്‌ലീങ്ങളുടെ രക്തം പുരണ്ടിട്ടുണ്ട്’:സല്‍മാന്‍ ഖുര്‍ഷിദ്


തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ റഫീഖ് പറയുന്നുണ്ട്.

അറസ്റ്റ് ചെയ്ത റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച പൊലീസ് ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികതയടക്കം പരിശോധിച്ചു വരികയാണ്.

കുന്നിയംത്തൂര്‍ സ്വദേശിയായ റഫീഖ് സ്‌ഫോടനക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.

We use cookies to give you the best possible experience. Learn more