ബലൂചിസ്ഥാൻ: ബലൂചിസ്ഥാനിലെ മസ്തൂങ് ജില്ലയിൽ നബിദിന ആഘോഷങ്ങൾക്കിടയിൽ ചാവേർ ബോംബാക്രമണം. നബിദിനാഘോഷം നടന്ന പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 52 പേർ കൊല്ലപ്പെട്ടു. 150ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്ത് നിന്ന് ഇതുവരെ 40ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഒരു ചാവേർ പൊലീസ് വാഹനത്തിന്റെ അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
‘നബിദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന നിഷ്കളങ്കരായ മനുഷ്യർക്കെതിരെയുള്ള ആക്രമണം വളരെ ഹീനമാണ്,’ സംഭവത്തെ അപലപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കി.
നബിദിനാഘോഷ പരിപാടികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായേക്കാം എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാഗ്രത കാണിക്കണമെന്ന ഭരണകൂടത്തിന്റെ നിർദേശം ലഭിച്ച് ദിവസങ്ങൾക്കകമാണ് ആക്രമണം ഉണ്ടായത്.
മസ്തൂങ്ങിൽ തന്നെ സെപ്റ്റംബർ ആദ്യവാരം ഉണ്ടായ ബോംബാക്രമണത്തിൽ പ്രസിദ്ധമായ മത പണ്ഡിതൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പാക് സർക്കാരിനെതിരെയും ആഭ്യന്തര കലാപങ്ങൾ നടക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം രണ്ട് ദശാബ്ദമായി നിരവധി ആക്രമണങ്ങൾക്ക് സാക്ഷിയായിരുന്നു. ബലൂച് വിഘടനവാദികൾ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിരന്തരം ആഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കാറുണ്ട്.
അഫ്ഗാനിലെ തീവ്രവാദ സംഘടനകൾ പാകിസ്ഥാനിൽ നുഴഞ്ഞ് കയറി ഭീകരപ്രവർത്തനം നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ മുമ്പ് പരാതിപ്പെട്ടിരുന്നു. പാകിസ്ഥാൻ ഒരു പ്രതിനിധി സംഘത്തെ അഫ്ഗാനിൽ അയച്ചുകൊണ്ട് തീവ്രവാദി സംഘത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
CONTENT HIGHLIGHT: Blast at Pakistan procession to mark prophet’s birthday kills at least 52