കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയിലെ സ്‌ഫോടനത്തില്‍ ഒരു മരണം. മാധ്യമപ്രവര്‍ത്തകരുടെ അവാര്‍ഡ് ദാന ചടങ്ങിലാണ് ശനിയാഴ്ച സ്‌ഫോടനം നടന്നത്. മൂന്ന് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ പൊലീസ് പറഞ്ഞു.
പ്രവിശ്യയുടെ തലസ്ഥാനമായ മസര്‍ ഐ ശരീഫിലെ താബിയന്‍ ഫര്‍ഹാങ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസുദ്യോഗസ്ഥന്‍ മുഹമ്മദ് ആസിഫ് വാസിരി പറഞ്ഞു.
തനിക്കും സുഹൃത്തുക്കള്‍ക്കും അപകടമുണ്ടായതായി ബാല്‍ഖിലെ മാധ്യമപ്രവര്‍ത്തകനായ ഫര്‍ദീന്‍ നൗറോസി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
നിലവില്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രവിശ്യ ഗവര്‍ണര്‍ ദാവുദ് മുസ്മല്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണവും നടക്കുന്നത്. ഗവര്‍ണറുടെ ഓഫീസിന്റെ രണ്ടാം നിലയിലുണ്ടായ സ്‌ഫോടനത്തിലായിരുന്നു ദാവൂദ് കൊല്ലപ്പെട്ടത്.
2021ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള വ്യക്തിയാണ് ദാവൂദ്.
എന്നാല്‍ സ്‌ഫോടനം നടന്ന ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരെ ഫോട്ടോയെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.