| Saturday, 4th January 2025, 7:06 pm

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് മരണം. സ്ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിരുദ്നഗര്‍ ജില്ലയിലെ സത്തൂരിലാണ് സ്‌ഫോടനം നടന്നത്.

പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് (ശനിയാഴ്ച്ച) ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് കെട്ടിടത്തില്‍ പടര്‍ന്ന തീയണച്ചത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് കാരണമായെന്ന് സംശയിക്കുന്നതായി പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിനുമുമ്പും സത്തൂരില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2024ല്‍ വിരുദ്നഗറില്‍ 17 സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഈ സ്ഫോടനങ്ങളില്‍ ഉടനീളം 54 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അടങ്ങിയ അധികൃതരുടെ സംഘം സത്തൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കണക്കുകള്‍ പ്രകാരം 300ലധികം അപകടങ്ങളാണ് സത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി, നിര്‍മാണ കേന്ദ്രങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്ന് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വിരുദ്നഗര്‍ ജില്ലയില്‍ ഏകദേശം 1150 പടക്ക നിര്‍മാണ ഫാക്ടറികളുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന പടക്കങ്ങളുടെ 70 ശതമാനവും തമിഴ്നാട്ടിലെ ശിവകാശിയിലാണ് നിര്‍മിക്കുന്നത്. 6000 കോടി രൂപയുടെ പ്രതിവര്‍ഷ വിറ്റുവരവ് പടക്കവ്യവസായത്തില്‍ നിന്ന് മാത്രം സംസ്ഥാനത്തുണ്ട്.

നേരത്തെ പടക്ക നിര്‍മാണ കേന്ദ്രങ്ങളിലെ അനാസ്ഥയിലും സുരക്ഷാ സൗകര്യങ്ങളുടെ അഭാവത്തിലും സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലെ പടക്ക നിര്‍മാണത്തില്‍ ചെറിയ തോതില്‍ ഇടിവ് സംഭവിച്ചിരുന്നു.

കോടതി ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിരുദ്നഗര്‍ ഉള്‍പ്പെടെയുള്ള പടക്കനിര്‍മാണ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുന്നത്.

Content Highlight: Blast at firecracker factory in Tamil Nadu; Six deaths

We use cookies to give you the best possible experience. Learn more