| Wednesday, 31st October 2018, 3:12 pm

മതനിന്ദ: പാകിസ്താനില്‍ ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മതനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവയായ അസിയ ബിബിയുടെ വധശിക്ഷ പാക് സുപ്രീംകോടതി റദ്ദ് ചെയ്തു. എട്ടുവര്‍ഷം ഏകാന്ത തടവില്‍ കഴിയേണ്ടി വന്നതിന് ശേഷമാണ് അസിയയ്ക്ക് നീതി ലഭിക്കുന്നത്.

ലാഹോറിലുള്ള ഷെയ്ഖ്പുര ജയിലില്‍ കഴിയുന്ന അസിയയ്ക്ക് ഉടന്‍ ജയിലില്‍ നിന്ന് പോകാമെന്ന് പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാം പറഞ്ഞു. വിധി കേള്‍ക്കാന്‍ കോടതിയില്‍ അസിയ ഉണ്ടായിരുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വധശിക്ഷ റദ്ദാക്കിക്കൊണ്ട് മൂന്നാഴ്ച മുമ്പ് വിധി തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രഖ്യാപനം നീട്ടിവെക്കുകയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളുമായി വെള്ളമെടുക്കുന്നതിന്റെ പേരില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രവാചകനെ അപമാനിച്ച് സംസാരിച്ചെന്നാരോപിച്ചാണ് അസിയബീബിയെ 2010ല്‍ ലാഹോര്‍ ഹൈക്കോടതി വധശിക്ഷയ്ക്ക വിധിച്ചിരുന്നത്.

കൃഷി ചെയ്യുന്നതിനിടെ ക്രിസ്ത്യനിയായ അസിയ ബക്കറ്റ് വെള്ളം തൊട്ടത് അശുദ്ധമാക്കിയെന്നും അസിയ മതപരിവര്‍ത്തനം ചെയ്യണമെന്നും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രവാചകനെ കുറിച്ച് അസിയ മോശം പരാമര്‍ശം നടത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. അസിയയ്ക്ക് പിന്നീട് മര്‍ദ്ദനമേല്‍ക്കുകയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിവാദമുണ്ടാക്കിയ വിധിയായിരുന്നു അസിയ ബീബിയുടെത്. അസിയ ബീബിയെ പിന്തുണച്ച് സംസാരിച്ചതിന് പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഷെഹബാസ് ഭാട്ടിയെയും 2011ല്‍ മതമൗലികവാദികള്‍ വെടിവെച്ചു കൊന്നിരുന്നു.

സല്‍മാന്‍ തസീറിന്റെ ഘാതകനായ മുംതാസ് ഖാദിരിയെ 2016ല്‍ പാകിസ്താന്‍ തൂക്കിലേറ്റിയിരുന്നു.

പാകിസ്ഥാനില്‍ മതനിന്ദാ നിയമത്തിന്റെ പേരില്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1980കളില്‍ ഏകാധിപതിയായിരുന്ന സിയാവുള്‍ ഹഖാണ് മതനനിന്ദാ നിയമം പാകിസ്ഥാനില്‍ കൊണ്ടുവന്നത്.

We use cookies to give you the best possible experience. Learn more