മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തില്ല; വിക്കീപീഡിയ നിരോധനവുമായി പാകിസ്ഥാന്‍
World News
മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തില്ല; വിക്കീപീഡിയ നിരോധനവുമായി പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 6:58 pm

ഇസ്‌ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വിക്കീപീഡിയ നിരോധിച്ച് പാകിസ്ഥാന്‍. ഇസ്‌ലാം മതത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനു വിക്കീപീഡിയയ്ക്ക് 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നു.തുടര്‍ന്നായിരുന്നു നിരോധനം. പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടേതാണ് നടപടി.

കോടതി നിര്‍ദേശപ്രകാരം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വിക്കിപീഡിയയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഹിയറിങ്ങിനു തയ്യാറാകാനോ ആശയം നീക്കാനോ വിക്കീപീഡിയ തയ്യാറായില്ലെന്നും അതുകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ടെലികോം അതോറിറ്റി വക്താവ് മലഹദ് ഒബൈദ് മാധ്യമങ്ങളോട് വ്യക്തമാക്കി.

വിക്കീപീഡിയയില്‍ ഏതൊക്കെ ഉള്‍പ്പെടുത്തണമെന്നും ഏതൊക്കെ ഉള്‍പ്പെടുത്തരുതെന്നുമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ലെന്ന് വിക്കീപീഡിയ ഫൗണ്ടേഷന്‍ പറഞ്ഞു. നിരവധി ആളുകള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്ന പോര്‍ട്ടലാണ് വിക്കീപീഡിയ. അതിന്റെ ഫലമായാണ് നിരവധി ലേഖനങ്ങള്‍ വിക്കീപീഡിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്ക് മാറ്റി വീണ്ടും വിക്കീപീഡിയയുമായി ചേരുമെന്നും വിക്കീപീഡിയ ഫൌണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിനും യൂട്യൂബിനും നിലവില്‍ പാകിസ്ഥാനില്‍ നിയന്ത്രണമുണ്ട്. അതിനു പിന്നാലെയാണ് വിക്കിപീഡിയ നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content highlight: Blasphemous content was not removed; Pakistan with Wikipedia ban