| Tuesday, 22nd January 2019, 8:11 pm

ഗുരുതരാവസ്ഥ തരണം ചെയ്യാനാവാതെ മുന്‍ ഇന്ത്യന്‍ താരം; ബ്ലാങ്ക് ചെക്ക് നല്‍കി പാണ്ഡ്യ: ഒപ്പമുണ്ടെന്ന് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ചികിത്സക്ക് സഹായവുമായി ക്രുനാല്‍ പാണ്ഡ്യ. ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കിയാണ് പാണ്ഡ്യ സഹായം പ്രഖ്യാപിച്ചത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുനാല്‍ ചെക്ക് കൈമാറിയത്.

“സര്‍, മാര്‍ട്ടിന്റെ ചികിത്സക്ക് എത്ര തുക ആവശ്യമാണോ അത് എടുക്കുക, എന്തായാലും ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുത്” ചെക്കിനൊപ്പം കൈമാറിയ കുറിപ്പില്‍ പണ്ഡ്യ കുറിച്ചു.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ജേക്കബ് മാര്‍ട്ടിന് ആശംസ അര്‍പ്പിച്ച് രംഗത്തെത്തി. “ഞാനും മാര്‍ട്ടിനും ഒരുമിച്ച് കളിച്ചവരാണ്. അദ്ദേഹം ശാന്തനും അന്തര്‍മുഖനുമായിരുന്ന താരമായിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ അവസരത്തില്‍ ഒറ്റയ്ക്കല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു”-ഗാംഗുലി പറഞ്ഞു.

Read Also : നികുതിവെട്ടിപ്പ് കേസില്‍ 155 കോടി പിഴയടച്ചു; ക്രിസ്റ്റ്യാനോയ്ക്ക് ജയില്‍ ശിക്ഷ ഒഴിവായി

ഡിസംബര്‍ 28-നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജേക്കബ് വഡോദരയിലെ ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ സഹായഭ്യര്‍ത്ഥനയുമായി ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയത്.

രവിശാസ്ത്രി, സഹീര്‍ഖാന്‍, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവരും ജേക്കബ് മാര്‍ട്ടിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബി.സി.സി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോര്‍ഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28-നുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.

70000 രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം

We use cookies to give you the best possible experience. Learn more