| Monday, 8th April 2019, 11:59 am

എല്ലാത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അടുത്തിരിക്കവേ ബി.ജെ.പി പിന്തുടരുന്നു പോരുന്ന നയങ്ങളെ വിമര്‍ശിച്ച് ശിവസേന.

രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിന് പകരം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ശിവസേനയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ കോണ്‍ഗ്രസിന് മേല്‍ ചുമത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ ചൂണ്ടിക്കാട്ടി.

മഴക്കെടുതി കാരണവും വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണവും രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ അവര്‍ വെല്ലവിളി നേരിടുന്നു. എന്നാല്‍ ഇവരെ സഹായിക്കാന്‍ തയ്യാറാകാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് ബി.ജെ.പി.



വളരെ പ്രതീക്ഷയോടെയാണ് 2014 ല്‍ അവര്‍ ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരെ കാണാതിരുന്നാല്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് എന്താണ് പ്രയോജനം. കോണ്‍ഗ്രസിന് മേല്‍ കുറ്റം കെട്ടിവെച്ചാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? 2014 മുതല്‍ രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ലല്ലോ?

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും ഒരുപാര്‍ട്ടി മാത്രം ഉത്തരവാദികള്‍ ആകില്ലെന്നും ശിവസേന വിമര്‍ശിച്ചു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നിലവിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more