| Monday, 24th June 2024, 11:06 am

മണിപ്പൂരിൽ ഹിന്ദുത്വ ഭ്രാന്തും ക്രിസ്ത്യൻ വിരുദ്ധതയും വിനയായി; ബി.ജെ.പി സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ സഖ്യകക്ഷികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഹിമ: നാഗാലാൻഡിലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പരസ്പരം പഴിചാരി എൻ.ഡി.എ സഖ്യ കക്ഷികളായ ബി.ജെ.പിയും എൻ.ഡി.പി.പി(നാഷണലിസ്റ്റ് ഡെമോക്രാറ്റീവ് പ്രോഗ്രെസിവ് പാർട്ടി)യും. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യമൊഴിവാക്കി ഒറ്റക്ക് മത്സരിക്കാനുള്ള ധാരണയിലാണ് എൻ.ഡി.പി.പി.

എൻ.ഡി.പി.പി യുടെ സ്ഥാനാർത്ഥി ചുംബെൻ മുറെക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടേണ്ടി വന്നതിനു കാരണം ബി.ജെ.പിയുടെ ഹിന്ദുത്വ ഭ്രാന്തും ക്രിസ്ത്യൻ വിരുദ്ധതയുമാണെന്ന് എൻ.ഡി.പി.പി എം.എൽ.എ പറഞ്ഞതിനെ തുടർന്നാണ് പാർട്ടികൾക്കിടയിൽ പോര് രൂക്ഷമായത്.

പി.ഡി.എയുടെ പ്രധാന ഘടക കക്ഷികളാണ് എൻ.ഡി.പി.പിയും ബി.ജെ.പിയും. ഏകദേശം 60 എം.ൽ.എമാരുടെ പിന്തുണ മുറെക്കുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു പാർട്ടി. എന്നാൽ തെരഞ്ഞെടുപ്പിലേറ്റ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയായി.

അതുകൊണ്ട്  തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി.

‘വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ആരുമായും സീറ്റ് പങ്കിടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ പാഠം ഞങ്ങൾ പഠിച്ചു. ആരുടെയൊക്കെയോ തെറ്റ് കൊണ്ടാണ് ഞങ്ങൾ ശിക്ഷിക്കപ്പെട്ടത്,’ എൻ.ഡി.പി.പി എം.എൽ.എയായ മൊതോഷി ലോങ്‌കുമർ പറഞ്ഞു.

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ പള്ളികൾ കത്തിച്ചതും, ക്രിസ്ത്യൻ വിരുദ്ധതയും ആളുകളെ പാർട്ടിയിൽ നിന്നും അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. പൊതു ജനങ്ങളുടെ മനസിൽ തങ്ങളുടെ സ്ഥാനം തന്നെ നഷ്ടപെടുന്നതിലേക്ക് ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അവരുടെ സ്ഥാനാർത്ഥി തോറ്റത് തങ്ങളുടെ കാരണം കൊണ്ടല്ലെന്നും വെറുതെ തങ്ങളുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണ് എൻ.ഡി.പി.പി എന്നും ബി.ജെ.പി ആരോപിച്ചു.

‘മതത്തിൻ്റെ കാർഡ് കളിച്ച് അവർ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്, പക്ഷേ അത് തെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായിരിക്കണമെന്നില്ല. ഭരണ വിരുദ്ധതയാണ് തോൽവിയുടെ പ്രധാന ഘടകം. പക്ഷേ, അത് മറച്ചുവെക്കാൻ അവർ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്,’ ബി.ജെ.പി നിയമസഭാംഗമായ ഇംകോങ് എൽ ഇംചെൻ പറഞ്ഞു.

Content Highlight: Blame game erupts between BJP and NDPP after Nagaland poll defeat

We use cookies to give you the best possible experience. Learn more