| Sunday, 3rd January 2021, 12:43 pm

ഇറാഖ് പൗരന്മാരുടെ കൂട്ടക്കൊല; 'താന്‍ ചെയ്തത് ശരിയെന്ന്' ട്രംപ് മാപ്പ് കൊടുത്ത പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നിരായുധരായ ഇറാഖ് പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് നല്‍കിയ ബ്ലാക് വാട്ടര്‍ സുരക്ഷാ ഗാര്‍ഡിന്റെ പ്രസ്താവന വിവാദത്തില്‍. താന്‍ ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇവാന്‍ ഷോണ്‍ ലിബേര്‍ട്ടി എന്ന സെക്യുരിറ്റി ഗാര്‍ഡ് പറഞ്ഞത്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇവാന്‍ ദി അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് 2007ല്‍ ഇറാഖ് പൗരന്മാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ താന്‍ ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞത്.

‘നിരപരാധികളായ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. പക്ഷെ എന്റെ പ്രവര്‍ത്തിയില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ആ സംഭവത്തില്‍ എനിക്ക് അസ്വസ്ഥതകളൊന്നുമില്ല.’ ഇവാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 14 ഇറാഖ് പൗരന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ തടവിലാക്കപ്പെട്ട അമേരിക്കയുടെ ബ്ലാക്ക് വാട്ടര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ട്രംപ് മാപ്പ് നല്‍കിയത്.

2007ലാണ് ബ്ലാക്ക് വാട്ടര്‍ സുരക്ഷാ ജീവനക്കാര്‍ 14 ഇറാഖി പൗരന്മാരെ കൂട്ടക്കൊല ചെയ്തത്. പോള്‍ സ്ലോവ്, ഇവാന്‍ ലിബര്‍ട്ടി, ഡസ്റ്റിന്‍ ഹേര്‍ഡ്, നിക്കോളാസ് സ്ലാട്ടന്‍ എന്നിവര്‍ ബാഗ്ദാദില്‍ നിരായുധരായി ഒത്തുകൂടിയ പൗരന്മാര്‍ക്ക് നേരെ മെഷിന്‍ ഗണ്ണും ഗ്രനേഡും ഉപയോഗിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ചുതെന്ന പതിനാല് ഇറാഖ് പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2007ല്‍ നടന്ന സംഭവം നിസൗര്‍ സ്‌ക്വയര്‍ കൂട്ടക്കൊല എന്ന പേരിലാണ് അറിയപ്പെടുന്നത്.

2014ല്‍ ഇവര്‍ക്കെതിരെ മനപൂര്‍വ്വമുള്ള നരഹത്യ ഉള്‍പ്പെടെ പതിനേഴോളം കുറ്റകൃത്യങ്ങള്‍ ചുമത്തിയിരുന്നു. സ്ലാറ്റന് ജീവപര്യന്തം തടവും മറ്റ് മൂന്ന്പേര്‍ക്ക് 30 വര്‍ഷത്തെ തടവു ശിക്ഷയുമായിരുന്നു വിധിച്ചത്.

അമേരിക്കയിലെ ഫെഡറല്‍ ജഡ്ജ് ആദ്യഘട്ടത്തില്‍ കേസ് തള്ളിയിരുന്നു. എന്നാല്‍ ഇറാഖില്‍ വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

നാല് പ്രതികള്‍ക്കും മാപ്പ് നല്‍കിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നത്. യുദ്ധമേഖലയിലെ പൗരന്മാരുടെ ജീവിതത്തിന് അമേരിക്കന്‍ സൈന്യം ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് നാലു പ്രതികളെയും വെറുതെ വിടുന്ന ട്രംപിന്റെ നടപടിയെന്ന വിമര്‍ശനവും അന്താരാഷ്ട്ര തലത്തില്‍ ശക്തിയാര്‍ജിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blackwater contractor defends actions in Iraq after Trump Pardon

We use cookies to give you the best possible experience. Learn more