| Wednesday, 27th November 2024, 4:15 pm

ഒരൊറ്റ പാട്ട് കൊണ്ട് ഒന്നാമതെത്തി ബ്ലാക്ക്പിങ്ക്; ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിങ്ങില്‍ ബി.ടി.എസ് രണ്ടാമത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊറിയന്‍ സംഗീതത്തെയും കൊറിയന്‍ സംഗീത ഗ്രൂപ്പുകളെയും ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇന്ന് മലയാളികള്‍ക്ക് ഇടയിലും കെ-പോപ്പിന് ആരാധകര്‍ ഒരുപാടുണ്ട്. കെ-പോപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് പോലും പരിചിതരായ സൗത്ത് കൊറിയന്‍ ബോയ് ഗ്രൂപ്പാണ് ബി.ടി.എസ്.

സൗത്ത് കൊറിയന്‍ സംഗീതത്തെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള ഗ്രൂപ്പാണ് ഇത്. ഏഴ് പേര്‍ അടങ്ങുന്ന ബി.ടി.എസിന് ലോകത്താകമാനമായി ആരാധകര്‍ ഏറെയാണ്. തങ്ങളുടെ സംഗീതം കൊണ്ട് ലോകത്തിലെയും കൊറിയയിലെയും പല മ്യൂസിക് ചാര്‍ട്ടുകളിലും മറ്റും മുന്‍പന്തിയില്‍ ബി.ടി.എസ് ഉണ്ടാകാറുണ്ട്.

എന്നാല്‍ നവംബറിലെ ഐഡല്‍ ഗ്രൂപ്പ് ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിങ്ങില്‍ ബി.ടി.എസിന് തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. ബി.ടി.എസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് കൊറിയന്‍ ഗേള്‍ ഗ്രൂപ്പായ ബ്ലാക്ക്പിങ്കാണ്.

ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ഒക്ടോബറില്‍ 3,178,958 ആയിരുന്നു ബ്ലാക്ക്പിങ്കിന്റെ സ്‌കോര്‍. എന്നാല്‍ ഈ മാസം 12,846,175 സ്‌കോറാണ് അവര്‍ക്ക് ലഭിച്ചത്.

ഗ്രൂപ്പിലെ ഗായികയായ റോസിന്റെ APT എന്ന പാട്ടിലൂടെയാണ് ബ്ലാക്ക്പിങ്ക് ഈ നേട്ടത്തില്‍ എത്തിയത്. അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സുമായി റോസ് ആദ്യമായി ഒന്നിച്ച പാട്ടാണ് APT. പുറത്തിറങ്ങി വളരെ പെട്ടെന്ന് തന്നെ വൈറല്‍ ഹിറ്റാകുകയും നിരവധി കവറുകളും പാരഡികളും സൃഷ്ടിക്കുകയും ചെയ്ത പാട്ടാണ് ഇത്.

8,728,901 ആണ് രണ്ടാം സ്ഥാനത്തുള്ള ബി.ടി.എസിന്റെ ബാന്‍ഡ് റെപ്യൂട്ടേഷന്‍ സ്‌കോര്‍. IVE, Aespa, സെവന്റീന്‍ എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്. ഇത്തവണത്തെ MAMA അവാര്‍ഡിലൂടെ വീണ്ടും ഒന്നിച്ച ഐക്കോണിക് ബോയ് ബാന്‍ഡായ BIGBANG ആണ് 2,985,093 ബാന്‍ഡ് റെപ്യൂട്ടേഷന്‍ സ്‌കോര്‍ നേടി ആറാം സ്ഥാനത്തുള്ളത്.

കൊറിയ ബിസിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിടുന്ന റാങ്കിങ്ങാണ് ഐഡല്‍ ഗ്രൂപ്പ് ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിങ്. കണ്‍സ്യൂമര്‍ റെസ്‌പോണ്‍സ്, മീഡിയ കവറേജ്, കമ്മ്യൂണിറ്റി അവയര്‍നെസ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ റാങ്കിങ് തീരുമാനിക്കുന്നത്.

Content Highlight: Blackpink topped with Rose’s Apt Song, BTS is second in the brand reputation ranking

We use cookies to give you the best possible experience. Learn more