| Wednesday, 1st November 2023, 9:46 pm

ബ്ലാക്ക്പിങ്ക്; സ്‌പോട്ടിഫൈയില്‍ അടുത്ത നേട്ടവുമായി ജിസൂ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ-പോപ്പ് എന്നറിയപ്പെടുന്ന കൊറിയന്‍ പോപ്പ് സംഗീതത്തിന് ലോകം മുഴുവന്‍ ഒരുപാട് ആരാധകരുണ്ട്. സൗത്ത് കൊറിയന്‍ മ്യൂസിക്കിന് മലയാളികള്‍ക്കിടയിലും ആരാധകര്‍ക്ക് കുറവില്ല.

മലയാളികളായ കെ-പോപ്പ് ആരാധകര്‍ കെ-പോപ്പില്‍ നിന്ന് വരുന്ന വാര്‍ത്തകളെല്ലാം വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കെ-പോപ്പ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് ബ്ലാക്ക്പിങ്ക് ആരാധകരായ ബ്ലിങ്ക്‌സിന് ഏറെ സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

സ്‌പോട്ടിഫൈയില്‍ ഏറ്റവും വേഗതയില്‍ 400 മില്യണ്‍ സ്ട്രീമുകള്‍ നേടുന്ന കൊറിയന്‍ ഫീമെയില്‍ സോളോയിസ്റ്റിന്റെ ആല്‍ബമായി മാറി ബ്ലാക്ക്പിങ്ക് ജിസൂവിന്റെ (Jisoo) ആല്‍ബം ‘Me’. വെറും 214 ദിവസങ്ങള്‍ കൊണ്ടാണ് ജിസൂ ഈ പുതിയ നേട്ടം സ്വന്തമാക്കിയത്. 2023 മാര്‍ച്ച് 31നായിരുന്നു ജിസൂവിന്റെ ആദ്യ സിംഗിള്‍ ആല്‍ബമായ ‘Me’ പുറത്തിറങ്ങിയത്.

ആല്‍ബം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 1.03 മില്യണ്‍ കോപ്പികള്‍ വിറ്റ്, കൊറിയയുടെ ചരിത്രത്തില്‍ ഒരു ഫീമെയില്‍ സോളോയിസ്റ്റിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബമായി മാറിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഒരു മില്യണ്‍ വില്‍പ്പന മറികടക്കുന്ന ആദ്യ ആല്‍ബമായും ഇത് മാറിയിരുന്നു. അതിന് പിന്നാലെയാണ് ഈ നേട്ടം ജിസൂ സ്വന്തമാക്കുന്നത്.

‘ഫ്‌ളവര്‍’, ‘ഓള്‍ ഐസ് ഓണ്‍ മി’ എന്നിങ്ങനെ രണ്ട് സിംഗിള്‍സാണ് ഈ ആല്‍ബത്തിലുള്ളത്. ആല്‍ബം പുറത്തിറങ്ങിയ അതേ ദിവസം തന്നെ ‘ഫ്‌ളവര്‍’ ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200, സര്‍ക്കിള്‍ ഡിജിറ്റല്‍ ചാര്‍ട്ട് എന്നിവയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഒപ്പം കനേഡിയന്‍ ഹോട്ട് 100, ന്യൂസിലാന്‍ഡ് സിംഗിള്‍സ് ചാര്‍ട്ട്, യു.കെ സിംഗിള്‍സ് ചാര്‍ട്ട് എന്നിവയില്‍ ഏറ്റവും ഉയര്‍ന്ന ചാര്‍ട്ടിംങ്ങ് നേടുന്ന ഒരു കൊറിയന്‍ ഫീമെയില്‍ സോളോയിസ്റ്റിന്റെ മ്യൂസിക്കായി മാറിയിരുന്നു. ബ്ലാക്ക്പിങ്കില്‍ ജെന്നിക്കും റോസിനും ലിസക്കും ശേഷം എറ്റവും അവസാനമായിരുന്നു ജിസൂ തന്റെ സോളോ ഗാനം പുറത്തിറക്കിയത്.

Content Highlight: Blackpink Jisoo Hit A New Spotify Record

We use cookies to give you the best possible experience. Learn more