| Monday, 15th April 2019, 11:49 am

കറുത്ത പെട്ടിയിലുണ്ടായിരുന്നത് പാര്‍ട്ടി ചിഹ്നങ്ങളും, ടെലിപ്രോംപ്റ്ററും; വിശദീകരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന ദൂരൂഹപ്പെട്ടിയില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്ന് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം.

മോദിയുടെ ഹെലിക്കോപ്റ്ററില്‍ കൊണ്ടു വന്ന് സ്വകാര്യ ഇന്നോവയില്‍ കടത്തിയ പെട്ടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്ത പുറത്തുവിട്ടിരുന്നു.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുരൂഹമായ ഒരു പെട്ടിയും ഇറക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു.

ഇത് വളരെ പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇന്നോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല. എന്നും ശ്രീവാസ്തവ തന്റെ ട്വീറ്റില്‍ ചോദിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ശ്രീവാസ്തവയുടെ ട്വീറ്റിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. പെട്ടി കയറ്റിയ വാഹനം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.എസ് നവീന്‍ പറയുന്നു. എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more