| Monday, 11th November 2013, 12:00 am

ആലപ്പുഴയില്‍ കരിമണല്‍ ഖനനം പാടില്ല: യു.ഡി.എഫ് ജില്ലാ നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ആവാസവ്യവസ്ഥയ്ക്ക്  വെല്ലുവിളിയാകുന്ന കരിമണല്‍ഖനനം പാടില്ലെന്ന്  യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ജെ.എസ്.എസും കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗവും പൊതുമേഖലയിലെങ്കിലും ഖനനം വേണമെന്ന് വാദിച്ചുവെങ്കിലും പിന്നീട് യു.ഡി.എഫ്  തീരുമാനത്തിനോട്
അനുകൂലിച്ചു.

മറ്റുള്ള പാര്‍ട്ടികളും കരിമണല്‍ ഖനനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ജെ.എസ്.എസും കേരള കോണ്‍ഗ്രസ് എമ്മും പിന്‍വാങ്ങാന്‍ തയ്യാറായത്. കരിമണല്‍ മാഫിയയും ഖനനത്തില്‍ നിന്ന് പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുന്‍ എം.എല്‍.എ  ഡി.സുഗതന്റെ നേതൃത്വത്തിലുള്ള വിഭാഗം ഖനനത്തെ അനുകൂലിച്ചപ്പോള്‍ ഡി.സി.സി പ്രസിഡണ്ട് എ.എ ഷുക്കൂര്‍ അടക്കമുള്ള നേതാക്കള്‍ ഖനനത്തെ എതിര്‍ത്തു. ആലപ്പുഴയില്‍ കരിമണല്‍ ഖനനം പാടില്ലെന്ന് കെ.പി.സി.സി നേരത്തേ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടാണ് അവസാനം യോഗം തീരുമാനിച്ചത്.

എന്നാല്‍ കെ.പി.സി.സി യില്‍ ഇനി വിഷയം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ ഖനനത്തിന് വേണ്ടി വാദിക്കുന്നവര്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more