| Sunday, 17th November 2013, 7:44 pm

കരിമണല്‍ഖനനം: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് സ്വകാര്യ ലോബിക്ക് വേണ്ടിയെന്ന് പന്ന്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കരിമണല്‍ഖനനം സംബന്ധിച്ച് സ്വകാര്യകമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് സ്വാകാര്യ ലോബിക്ക് വേണ്ടിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് അഡ്വേക്കേറ്റ് ജനറലിന്റെ നിലപാട് വന്‍ അഴിമതിയുടെ ഫലമാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന വാര്‍ത്ത വന്നതോടെയാണ് പന്ന്യന്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കരിമണല്‍ ഖനനത്തിന് പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയെക്കൂടി അനുവദിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈ തീരുമാനം മരവിപ്പിച്ചിരിക്കുകയായിരുന്നു.

ഇതിനെതിരായാണ് സ്വകാര്യകമ്പനി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഹൈക്കോടതി സ്വകാര്യ കമ്പനിക്ക് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more