സൗദിയില്‍ ഇനി സിനിമ കാണാം; ബ്ലാക്ക് പാന്തര്‍ ആദ്യ റിലീസ്; 35 വര്‍ഷത്തെ നിരോധനം എടുത്തുകളഞ്ഞ് സര്‍ക്കാര്‍
Middle East
സൗദിയില്‍ ഇനി സിനിമ കാണാം; ബ്ലാക്ക് പാന്തര്‍ ആദ്യ റിലീസ്; 35 വര്‍ഷത്തെ നിരോധനം എടുത്തുകളഞ്ഞ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 11:56 pm

റിയാദ്: 35 വര്‍ഷത്തിന് ശേഷം സൗദി അറേബ്യയില്‍ തീയേറ്റര്‍ സ്‌ക്രീനുകളില്‍ വെള്ളിവെളിച്ചം തെളിയും. നീണ്ടകാലത്തെ സിനിമ ബാന്‍ അടുത്ത മാസത്തോടെ എടുത്തുകളയുകയാണ് സര്‍ക്കാര്‍. മാര്‍വലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബ്ലാക്ക് പാന്തറാവും ആദ്യ റിലീസ്.

യു.എസ് തീയേറ്റര്‍ ശൃഖലയായ എ.എം.സി അടുത്ത അഞ്ച് വര്‍ഷത്തിനിടെ സൗദിയില്‍ 40 തീയേറ്റര്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ ആദ്യ പ്രദര്‍ശനം ആരംഭിക്കും. പ്രത്യേക പ്രീമിയറോടെയാവും പ്രദര്‍ശനം ആരംഭിക്കുക. പ്രമുഖരും രാഷ്ട്രീയക്കാരും പ്രീമിയറില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1970 കളില്‍ സൗദിയില്‍ തീയേറ്ററുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിയമം ശക്തമായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.

സൗദി അറേബ്യയെ സഞ്ചാരി സൗഹാര്‍ദ്ദ രാജ്യമാക്കാനുള്ള രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീയേറ്ററുകള്‍ക്ക് പുനര്‍ജന്മം ലഭിച്ചത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ രാജ്യത്തിന് മറ്റു സ്രോതസുകള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് സന്ദര്‍ശനത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനിപ്പോള്‍.


Read Also: ‘അവാര്‍ഡ് സിനിമയാണെന്ന ലേബലില്‍ കാണാതെ പോവരുത്’; ഇന്ദ്രന്‍സിന്റെ ആളൊരുക്കം നാളെ തീയേറ്ററുകളില്‍


സിനിമ തീയേറ്ററുകള്‍ ആരംഭിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും സഹായകമാവുമെന്ന് ഡിസംബറില്‍ സാംസ്‌കാരിക മന്ത്രി അവാദ് ബിന്‍ സലേഹ് അലവ്വാദ് പറഞ്ഞിരുന്നു. സിനിമ രാജ്യത്തിന്റെ വിനോദ മാര്‍ഗങ്ങളെ പുഷ്ടിപ്പെടുത്തുമെന്നും പുതിയ തൊഴിലവസരങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

2030 ഓടെ സൗദി അറേബ്യയില്‍ മുന്നൂറിലധികം തീയേറ്ററുകളിലായി 2,000 ത്തിലധികം സ്‌ക്രീനുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ബ്ലാക്ക് പാന്തര്‍ ട്രൈലര്‍: