| Saturday, 11th May 2024, 3:22 pm

തെരഞ്ഞെടുപ്പിനിടെ കള്ളപ്പണം പിടികൂടുന്നത് രണ്ട് തവണ; വാഹനാപകടത്തിന് പിന്നാലെ പിടിച്ചെടുത്തത് ഏഴ് കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വാഹനാപകടനത്തിന് പിന്നാലെ പിടിച്ചെടുത്തത് ഏഴ് കോടി രൂപയുടെ കള്ളപ്പണം. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ വെച്ച് പണം കടത്തുകയായിരുന്ന വാഹനത്തില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടാകുന്നത്.

വാഹനത്തില്‍ നിന്ന് പണം കണ്ടെടുത്ത നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി ഉണ്ടായിരുന്ന പണം ഒരു ചാക്കില്‍ നിന്ന് മറ്റൊരു ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. മെയ് 13ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കള്ളപ്പണം പിടികൂടുന്നത്.

വാഹനത്തില്‍ ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പണം ഉണ്ടായിരുന്നത്. ഏഴ് കോടിയോളം രൂപയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പണം കടത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി ഗോപാലപുരം ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എന്‍.ടി.ആര്‍ ജില്ലയിലെ ഒരു ചെക്പോസ്റ്റില്‍ വെച്ച് ഒരു ട്രക്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപയുടെ പണം പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ട്രാക്കില്‍ കൃത്രിമമായ നിര്‍മിച്ച ഒരു രഹസ്യ അറയില്‍ ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് അനന്തപ്പള്ളിയില്‍ നിന്ന് കള്ളപ്പണം പിടികൂടുന്നത്.

Content Highlight: Black money worth Rs 7 crore was seized after a car accident in Andhra Pradesh

We use cookies to give you the best possible experience. Learn more