ബേണ്‍: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള വിദേശികളുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലണ്ട് പുറത്തുവിട്ടു. ഇതില്‍ രണ്ട് ഇന്ത്യക്കാരുടേ പേരുകളും ഉള്‍പ്പെടുന്നു. സ്‌നേഹലത സ്വാഹ്നി, സംഗീത സ്വാഹ്നി എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്. തങ്ങളുടെ ഒദ്യോഗിക ഗസറ്റിലാണ് സ്വിറ്റ്‌സര്‍ലണ്ട് ഈ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് എതിര്‍പ്പുകളുണ്ടെങ്കില്‍ 30 ദിവസത്തിനകം ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിക്ക് മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കണമെന്നം നിര്‍ദ്ദേശമുണ്ട്.
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ബ്രിട്ടിഷ്. സ്പാനിഷ്, റഷ്യന്‍ പൗരന്മാരുടെ പേരുകളും പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം അമേരിക്കക്കാരുടേയും ഇസ്രായേലികളുടേയും പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇത്തരത്തില്‍ 40 ഓളം ആളുകളുടെ വിവരങ്ങളാണ് സ്വിസ് ഫെഡറല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേരുകള്‍ താമസിയാതെ പുറത്തുവിടാനും സാധ്യതയുണ്ട്.
സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിസ് അധികാരികളോട് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള അംബാനി സഹോദരന്മാരടക്കം നിരവധി ഇന്ത്യക്കാരുടെ പേരുകള്‍ നേരത്തെ സ്വിറ്റ്‌സര്‍ലണ്ട് പുറത്തുവിട്ടിരുന്നു.