| Friday, 17th October 2014, 12:00 pm

കള്ളപ്പണ നിക്ഷേപം: പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് മോദിസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നത് ഇരട്ടനികുതി കരാറുകളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ വാദം ഒക്ടോബര്‍ 28ന് കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

വിദേശ ബാങ്കുകളിലുള്ള ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്നും അവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്നും ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. ഈ കള്ളപ്പണം കണ്ടെത്തി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മോദി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപം കൊണ്ട് എസ്.ഐ.ടിയില്‍ സി.ബി.ഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാരും അംഗങ്ങളാണ്.

കള്ളപ്പണ നിക്ഷേപമുള്ളവരെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പരാതിക്കാരനും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി ആരോപിച്ചു.

അതിനിടെ നികുതി വരുമാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കള്ളപ്പണ നിക്ഷേപകരുടെ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സ്വീകരിക്കാന്‍ സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറി ശക്തികാന്ത് ദാസ് നയിക്കുന്ന സംഘത്തില്‍ സി.ബി.ഡി.ടി ചെയര്‍മാന്‍ കെ.വി ചൗധരിയും, ധനവകുപ്പിന്റെ വിദേശ നികുതി വിഭാഗത്തില്‍ നിന്നുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥന്‍മാരും ഉണ്ടാവും.

സന്ദര്‍ശനത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അനുമതി ലഭിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more