| Monday, 13th August 2012, 3:30 pm

കള്ളപ്പണം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം, മുംബൈ അക്രമം തുടങ്ങിയ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ഇതേ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് ശേഷം വീണ്ടും സഭ തുടങ്ങിയെങ്കിലും ബഹളംമൂലം സഭ വീണ്ടും നിര്‍ത്തിവെച്ചു.[]

രാവിലെ സഭ ചേര്‍ന്നയുടന്‍ ബി.ജെ.പി അംഗം ഹരിന്‍ പതക് ആണ് കള്ളപ്പണപ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രശ്‌നം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതോടെ ബി.ജെ.പി, ശിവസേന അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. ബി.ജെ.പിയിലെ രാജ്‌സാഥ് സിങ്, സി.പി.ഐ.എമ്മില്‍ നിന്നും ഗുരുദാസ് ദാസ്ഗുപ്ത എന്നിവരും പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സ്പീക്കര്‍ ഇതുനിരസിച്ചതോടെ സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കേന്ദ്രസര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്ക് വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും അതിനാലാണ് നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

ബാബാ രാംദേവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എന്‍.ഡി.എ അംഗങ്ങള്‍ കള്ളപ്പണ വിഷയം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചുവെങ്കിലും വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more