കോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട: അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി അജയ് മാക്കന്‍
Daily News
കോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട: അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി അജയ് മാക്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd October 2014, 3:20 pm

ajay-makanന്യൂദല്‍ഹി: കള്ളപ്പണം നിക്ഷേപമുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍. കോണ്‍ഗ്രസിനെ ആരും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നാണ് അജയ് മാക്കന്‍ മറുപടി നല്‍കിയത്.

” കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ട, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും ഞങ്ങള്‍ കീഴടങ്ങില്ല.” മാക്കന്‍ പറഞ്ഞു. പേര് വെളിപ്പെടുത്തുമ്പോള്‍ സെലക്ടീവ് ആവരുതെന്ന മുന്നറിയിപ്പും അജയ് മാക്കന്‍ നല്‍കിയിട്ടുണ്ട്.

വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ നാണക്കേടായിരിക്കുമെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇരട്ടനികുതി കരാര്‍ നിലനില്‍ക്കുന്നതിനാല്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണ നിക്ഷേപം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയ മോദി സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അരുണ്‍ ജെയ്റ്റിലുടെ പ്രസ്താവന വന്നത്.

സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോയ ഉന്നതതല സംഘം തിരിച്ചുവന്നശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ അഭിപ്രായ പ്രകടനം. 700 ഇന്ത്യക്കാര്‍ക്ക് ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സ്വിസ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വിവരം.

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിദേശരാജ്യങ്ങളില്‍ നിന്നും ലഭിച്ച ചില ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ദീപാവലി അവധിയ്ക്കുശേഷം സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇരട്ടനികുതി പ്രശ്‌നം ചൂണ്ടിക്കാട്ടി പേരുകള്‍ വെളിപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചില പേരുകള്‍ പുറത്തുവിടാം എന്ന് കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കക എന്നാണ് സൂചന.