തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. കൂടോത്രമെന്ന് പറഞ്ഞ് നടക്കുന്നവര്‍ പാര്‍ട്ടിക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ബൂത്ത് ലീഡേര്‍സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘പണിയെടുക്കാതെ കൂടോത്രം വെച്ച് നടന്നാല്‍ പാര്‍ട്ടി ഉണ്ടാകില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയിലെ പിന്‍മുറക്കാരാണ് നമ്മളെന്ന് ഓര്‍ക്കണം. കൂടോത്രം വെക്കാനെടുക്കുന്ന പണിയുടെ പകുതി പണിയെടുത്താല്‍ ഇവര്‍ക്കൊക്കെ നേതാക്കന്‍മാരാകാം. ഇത് 21ാം നൂറ്റാണ്ടാണെന്നും 2024 ആണെന്നും സയന്റിഫിക്ക് ടെമ്പര്‍ എന്ന വാക്ക് രാജ്യത്തിന് സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയാണ് ഇതെന്ന് കൂടോത്രക്കാര്‍ ഓര്‍ക്കണം,’അബിന്‍ വര്‍ക്കി പറഞ്ഞു.
കൂടോത്രമൊക്കെ വരുമാനമാര്‍ഗമായി കാണുന്നവരും അത് ചെയ്യിപ്പിക്കുന്നവരുമെല്ലാം ഇതൊക്കെ മനസിലാക്കി വെക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിയെടുത്താലെ പാര്‍ട്ടി ഉണ്ടാകുള്ളൂ എന്നും പണിയെടുത്താലെ നേതാക്കന്‍മാര്‍ ആകുള്ളൂവെന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്ന് കൂടോത്രം കണ്ടെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സുധാകരനും കാസര്‍ഗോഡ് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും മറ്റും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നരവര്‍ഷം മുമ്പുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള ഒരു മന്ത്രവാദിയാണ് കൂടോത്രം കണ്ടെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. കെ. സുധാകരന് നിരന്തരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ നിര്‍ദേശത്തില്‍ പ്രശ്‌നം വെക്കുകയും തുടര്‍ന്ന് കൂടോത്രം കണ്ടെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങളില്‍ ജീവന്‍ പോകാത്തത് തന്റെ ഭാഗ്യമെന്ന് കെ. സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നതായി കേള്‍ക്കാം. സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍, കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുമ്പുള്ളതാണെന്നും കെ. സുധാകരന്‍ പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ആസ്ഥാനത്തും കൂടോത്രം ചെയ്തിട്ടുണ്ടെന്ന് ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: black magic in k sudhakarans house; Youth Congress with criticism