Kerala News
'ജീവന്‍ പോകാത്തത് എന്റെ ഭാഗ്യം'; സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 05, 04:10 am
Friday, 5th July 2024, 9:40 am

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ കെ. സുധാകരന്റെ വീട്ടില്‍ കൂടോത്രം ചെയ്തെന്ന് ആരോപണം. കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുധാകരനും കാസര്‍ഗോഡ് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും മറ്റും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒന്നരവര്‍ഷം മുമ്പുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പത്തനംതിട്ടയില്‍ നിന്നുള്ള ഒരു മന്ത്രവാദിയാണ് കൂടോത്രം കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കെ. സുധാകരന് നിരന്തരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ നിര്‍ദേശത്തില്‍ പ്രശ്‌നം വെക്കുകയും തുടര്‍ന്ന് കൂടോത്രം കണ്ടെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങളില്‍ ജീവന്‍ പോകാത്തത് തന്റെ ഭാഗ്യമെന്ന് കെ. സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നതായി കേള്‍ക്കാം. സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍, കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുമ്പുള്ളതാണെന്നും കെ. സുധാകരന്‍ പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ആസ്ഥാനത്തും കൂടോത്രം ചെയ്തിട്ടുണ്ടെന്ന് ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെടുത്ത ഒരു കിഴിയില്‍ നിന്ന് തെയ്യത്തിന്റെ രൂപ സാദൃശ്യമുള്ള വസ്തുക്കളും മറ്റും ലഭിച്ചുവെന്നാണ് വിവരം. കൂടാതെ കിഴിയിലുണ്ടായിരുന്ന തകിടുകളില്‍ കാലിന്റെയും ശരീരത്തിന്റെയും തലയുടെയും രൂപങ്ങളാണ് ഉള്ളത്. വീടിന്റെ രൂപങ്ങളും തകിടില്‍ ഉണ്ടെന്ന് മന്ത്രവാദി പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

അതേസമയം രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂടോത്രത്തിന്റെ പിടിയിലാണെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ ബാലകൃഷ്ണന്‍ പെരിയ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. കെ. സുധാകരന്റെ വീട്ടില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചിരുന്നു.

Content Highlight: Black magic in k sudhakarans house kannur visuals out