| Saturday, 6th June 2020, 11:38 am

ഈ തെരുവിനി 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ'; അമേരിക്കന്‍ തെരുവിന് പുതിയ പേര് നല്‍കി മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

അമേരിക്കയില്‍ വംശീയ വിവേചനത്തിന് ഇരയായി 26ാം വയസ്സില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ആഫ്രോ- അമേരിക്കനാണ് ടെയ്‌ലര്‍. അമേരിക്ക എങ്ങനെയാണോ ആവേണ്ടത് അങ്ങനെ ആക്കുക എന്നതു തന്നെയാണ് തീരുമാനമെന്നും ബൗസര്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണ്‍ ഡി.സി മേയര്‍ ബൗസറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് തെരുവിന് പുതിയ പേര് നല്‍കിക്കൊണ്ട് പ്രതിഷേധങ്ങള്‍ക്കുള്ള തന്റെ പിന്തുണ ബൗസര്‍ വ്യക്തമാക്കിയത്.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍. മഞ്ഞ നിറമുപയോഗിച്ച് തെരുവില്‍ ഈ മുദ്രാവാക്യം വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുമുണ്ട്.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആദരസൂചകമായിട്ടാണ് തെരുവിന്റെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞത്.

തെരുവിന്റെ അധികാരി ആരാണ് എന്നതില്‍ ഈ ഇടയ്ക്ക് തര്‍ക്കമുണ്ടായിരുന്നു, മേയര്‍ ബൗസര്‍ ഇപ്പോള്‍ സമാധാനപരമായി പ്രതിഷേധം നടത്തിയ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് തെരുവ് ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്,” മേയറുടെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ ഫാല്‍സിചിയോ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ട്രംപ് സ്വീകരിക്കുന്ന നയത്തിനെതിരെ ബൗസര്‍ കടുത്ത വിയോജിപ്പ് രേഖപ്പെട്ടുത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തുന്ന അക്രമത്തിനെതിരേയും ബൗസര്‍ പ്രതികരിച്ചിരുന്നു.

അമേരിക്കയില്‍ നിങ്ങള്‍ക്ക് സമാധാനപരമായി സംഘടിക്കാന്‍ പറ്റുമെന്നായിരുന്നു പ്രതിഷേധക്കാരോട് ബൗസര്‍ പറഞ്ഞത്.
ബൗസറിന്റെ നിലപാടുകളോട് ട്രംപിന് കടുത്ത അമര്‍ഷമാണുള്ളത്.

അതേസമയം,തെരുവിന് പുതിയ പേരു നല്‍കിയതോടെ ട്രംപും ബൗസറും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more