വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ഒരു തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍) ‘ചിത്രമായി’. 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള തമോഗര്‍ത്തത്തിന്റെ ചിത്രമാണു ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. ആദ്യമായാണ് ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തുന്നത്.
ഭീമാകാരം എന്നാണ് ഈ തമോഗര്‍ത്തത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് ടെലസ്‌കോപ്പുകളുടെ ശൃംഖലയുപയോഗിച്ചാണു ചിത്രം പകര്‍ത്തിയിരിക്കുന്നത്.
എം97 എന്നു പേരായ ഗാലക്‌സിയിലാണ് ഈ തമോഗര്‍ത്തമെന്ന് നെതര്‍ലന്‍ഡ്‌സിലെ റാഡ്ബൗഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹെയ്‌നോ ഫാല്‍ക്ക് വ്യക്തമാക്കി. നമ്മുടെ സൗരയൂഥത്തേക്കാള്‍ വലിപ്പുമുണ്ട് ഈ തമോഗര്‍ത്തത്തിനെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനേക്കാള്‍ 6.5 ബില്യണ്‍ മടങ്ങ് പിണ്ഡം ഈ തമോഗര്‍ത്തത്തിനുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ളതാണിത്.
വളരെ ഉയര്‍ന്ന പിണ്ഡമുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അവയെ കാണുക സാധ്യമല്ല. അതായത്, പ്രകാശം ഇല്ലാത്ത ഒന്നിനെ കാണാനാവില്ല എന്നതുതന്നെ കാരണം.
തമോഗര്‍ത്തത്തിനുള്ളില്‍ നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും തമോഗര്‍ത്തം അതിനുള്ളിലേക്കു വലിച്ചുചേര്‍ക്കും. ഇവന്റ് ഹൊറിസോണ്‍ എന്നാണ് ഈ പരിധി അറിയപ്പെടുന്നത്.
ഈ പരിധിക്കു പുറത്തുനടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാണ് ടെലസ്‌കോപ്പ് വെച്ചു നിരീക്ഷിക്കുന്നത്.