| Sunday, 16th May 2021, 8:07 am

ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും; ഏഴു പേരില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേരുള്‍പ്പടെ ഏഴുപേരാണ് നിലവില്‍ ചികിത്സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്.

ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കൊവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ആവശ്യപ്പെട്ടിരുന്നു. കണ്ണിനും മൂക്കിനും ചുറ്റിലുമുള്ള വേദന, പനി, തലവേദന, ശ്വാസം മുട്ടല്‍, രക്തം ഛര്‍ദ്ദിക്കല്‍, എന്നിവയാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.

അതേസമയം ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിച്ചുവരികയാണെന്നും നീതി ആയോഗ് അംഗം ഡോ. വി. കെ പോള്‍ പറഞ്ഞു.

സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധ 2000 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 52 പേര്‍ മരിച്ചതായും വെള്ളിയാഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Black Fungus Report In Kerala

We use cookies to give you the best possible experience. Learn more