തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവതി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് മരിച്ചത്. 32 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ കൊല്ലത്ത് 62കാരന്റെ ഒരു കണ്ണ് ബ്ലാക്ക് ഫംഗസ് മൂലം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.
അതേസമയം ബ്ലാക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.
പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.
അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.
കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.