കൊല്ലം: കേരളത്തില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കൊല്ലത്തും മലപ്പുറത്തുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച ഒരാളുടെ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിരൂര്‍ സ്വദേശി 62കാരനായ അബ്ദുല്‍ ഖാദറിനാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ടമായത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്ന് പേര്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം.
പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.
അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.
കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.
കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം, 2020 ഡിസംബറില്‍ അലഹബാദില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക് ഫംഗസ് കേസുകളായിരുന്നു ഈ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാജ്യത്ത് വീണ്ടും വഴിവെച്ചത്. ഒമ്പത് മരണങ്ങള്‍ ഉള്‍പ്പെടെ 44 കേസുകളായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കിടയില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കൊവിഡ് വ്യാപകമായതിന് പിന്നാലെ ബ്ലാക് ഫംഗസ് രോഗവും കൊവിഡ് ബാധിതരിലും രോഗം ഭേദമായവരിലും കൂടുതലായി സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് പോലെ പടര്‍ന്നുപിടിക്കുന്ന, പകര്‍ച്ചവ്യാധിയെന്നോ, സാംക്രമിക രോഗമെന്നോ ബ്ലാക് ഫംഗസിനെ വിളിക്കാന്‍ കഴിയില്ല. പക്ഷെ, നിങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍, ബ്ലാക് ഫംഗസ് ബാധിതനായ ഒരാളില്‍ നിന്ന്, അയാളുടെ ഫംഗസുമായി കോണ്‍ടാക്ട് വരുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രാജ്യം കൊവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണി നേരിടുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസ് രോഗം രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥിരീകരിച്ചത്. ജീവന് പോലും ഭീഷണിയാവുന്ന ഫംഗസ് രോഗം വലിയ വെല്ലുവിളിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കുന്നത്.
കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലുങ്കാന, ഛത്തീസ്ഗഢ്, ഒഡീഷ, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഈ ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക