കൊച്ചി: കരിങ്കൊടി പ്രതിഷേധം അപമാനകരമല്ലെന്ന് ഹൈക്കോടതി. കരിങ്കൊടി ഉപയോഗിച്ച പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് കോടതി പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കരിങ്കൊടി പ്രതിഷേധത്തിനെതിരായ കേസ് കോടതി റദ്ദാക്കുകയും ചെയ്തു.
കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കരിങ്കൊടിയില്‍ അപമാനിക്കാന്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.
2017ല്‍ പറവൂരില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിനെതിരായ കേസാണ് കോടതി റദ്ദാക്കിയത്. പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും കോടതി റദ്ദാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിനിടെ ഉണ്ടാകുന്ന ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വളരെ സുപ്രധാനമായ സാഹചര്യത്തിലാണ് പ്രസ്തുത കേസില്‍ കോടതി വിധി ഉണ്ടാകുന്നത്. നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതില്‍ പൊലീസ് ഹൈക്കോടതിയില്‍ വിചിത്ര വാദം ഉയര്‍ത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്ക് പൊലീസ് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. ഗണ്‍മാന്‍മാര്‍ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു പൊലീസിന്റെ വാദം.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ന്യായീകരണമുണ്ടായിരുന്നു. കോണ്‍ഗ്രസ് ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിന്‍ ഷെരീഫാണ് പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന് എതിരെ പരാതി നല്‍കിയിരുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദീപ് ഉള്‍പ്പെടെയുള്ളവരാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
2023 ഡിസംബര്‍ 15ന് നവകേരള സദസിന്റെ വാഹനം കടന്നുപോകുന്നതിനിടെ ആനക്കുഴിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.
Content Highlight: Black flag protest not disgraceful: HC