| Sunday, 25th June 2023, 5:25 pm

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ എം.എസ്.എഫ് കരിങ്കൊടി പ്രതിഷേധം; രണ്ട് നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫ് പ്രവര്‍ത്തകരുടെ കരങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംഭവത്തില്‍ രണ്ട് എം.എസ്.എഫ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ്, ടി.ടി. അഫ്രിന്‍ മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പ്രതിഷേധമറിയിച്ചു. ഒന്നിനും കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥികളെ കയ്യില്‍ വിലങ്ങുവെച്ചുകൊണ്ടുപോകുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രണ്ട് വിദ്യാര്‍ത്ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പൊലീസ് കൊണ്ടുപോവുന്നത്. അവര്‍ പരീക്ഷ എഴുതാതെ പാസായവരല്ല,
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാന്‍ നോക്കിയവരല്ല,
പിന്‍വാതില്‍ വഴി ജോലിയില്‍ കേറിയവരല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എം.എസ്.എഫ് കോഴിക്കോട് ജില്ലാ വിംഗ് കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടില്‍ അറസ്റ്റ് ചെയ്തത്. പൊലീസ് ഏമാന്‍മാര്‍ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല,’ പി.കെ. ഫിറോസ് പറഞ്ഞു.

Content Highlight: black flag protest by MSF activists against Education Minister V. Shivankutty

We use cookies to give you the best possible experience. Learn more