കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രതിഷേധം നടത്തരുതെന്ന് ഇന്നലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് പൊലീസ് മേധാവി താക്കീത് നല്‍കിയിരുന്നു. നിയമലംഘനമോ അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് നിലപാട്.
അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കെ.സുധാകരന്‍ എം.പിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.