കാസര്‍കോട് : കാസര്‍കോട് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കാസര്‍ഗോഡ് പൊയിനാച്ചിയില്‍ വെച്ചായിരുന്നു പ്രതിഷേധം.
കാസര്‍കോട് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മടങ്ങവേയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ ഘടകം അനുകൂല നിലപാട് സ്വീകരിക്കാത്തതിലാണ് പിന്‍മാറുന്നതന്ന് സി.പി.ഐ.എം നേതൃത്വം അറിയിച്ചു.
നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയേയും സി.പി.ഐ.എമ്മിനേയും അപകീര്‍ത്തിപ്പെടുത്താന്‍ അവസരം നല്‍കിയത് കാസര്‍കോട് നടന്ന ഹീനമായ കൊലപാതകമാണെന്നും ഒരു തരത്തിലും ഇതിനെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി കാസര്‍കോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തെ തള്ളി പറഞ്ഞത്. പ്രതികള്‍ക്ക് യാതൊരു പരിരക്ഷയും സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. ഹീനമായ കുറ്റകൃത്യത്തിന് ശക്തമായ നടപടി തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിനുള്ള നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
സി.പി.ഐ.എം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന ഘട്ടമാണെന്നും സി.പി.ഐ.എമ്മിനെ ഇത്തരത്തില്‍ ആക്രമിക്കുന്നത് ഇടത് പക്ഷത്തിന് നേരെയുള്ള ആക്രമണത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞിരുന്നു.