കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തിയവര്‍ക്കു പ്രവേശനം നല്‍കേണ്ടെന്ന് സംഘാടകര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
ഡെറാഡൂണ്‍: മോദിയുടെ റാലിയില്‍ കറുത്തവസ്ത്രം ധരിച്ചെത്തിയവര്‍ക്ക് ബി.ജെ.പി വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. റാലിയ്ക്കിടെ മോദിയ്‌ക്കെതിരെ കരിങ്കൊടി കാട്ടുമെന്ന് ഭയന്നാണ് കറുത്തവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തിയവര്‍ക്കു പ്രവേശനം നല്‍കേണ്ടെന്ന് സംഘാടകര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയവരെ സുരക്ഷാ ജീവനക്കാര്‍ പ്രവേശന കവാടത്തില്‍ തടയുകയും കറുത്ത വസ്ത്രം മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കറുത്ത ജാക്കറ്റ് ധരിച്ചതിന് ഗേറ്റ് നമ്പര്‍ 1ല്‍ പൊലീസ് തടഞ്ഞെന്ന് മിതിലേഷ് കുമാര്‍ പറയുന്നു. തുടര്‍ന്ന് ജാക്കറ്റ് ഊരി ഗാന്ധി പാര്‍ക്കിനു പുറത്ത് സൂക്ഷിച്ചാണ് ഉള്ളിലേക്കു പ്രവേശിച്ചതെന്നും അദ്ദേഹം പറയുന്നു.
കറുത്ത തലപ്പാവ് ധരിച്ചെത്തിയ ബല്‍വീന്ദര്‍ സിങ് എന്ന സിഖുകാരനും വിലക്കുനേരിടേണ്ടി വന്നു. തുടര്‍ന്ന് തലപ്പാവ് ഊരി ബി.ജെ.പി പ്രവര്‍ത്തകരുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചാണ് ഉള്ളിലേക്കു പ്രവേശിച്ചത്. പിന്നീട് ജാക്കറ്റ് ധരിച്ചെത്തിയവര്‍ക്ക് സമ്മേളന നഗരിക്കു പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സൗകര്യമൊരുക്കുകയായിരുന്നു.
കൊടുംതണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നതുമൂലം പലരും ബുദ്ധിമുട്ടി. ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കില്‍ ചൊവ്വാഴ്ചയായിരുന്നു മോദിയുടെ റാലി.