ബെര്‍ലിന്‍: കറുത്ത വര്‍ഗക്കാരിയായതിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് പ്രശസ്ത ബാലേ നര്‍ത്തകി ക്ലോയി ലോപസ് ഗോമസ്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലോയി ബാലേയടക്കമുള്ള കലാരംഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന വര്‍ണവിവേചനത്തെക്കുറിച്ച് പറഞ്ഞത്.
ബെര്‍ലിനെ പ്രധാന ബാലേ കമ്പനിയായ സ്റ്റാറ്റ്‌സ്ബാലേയിലെ ആദ്യ കറുത്ത വംശജയായ നര്‍ത്തകിയാണ് ഫ്രാന്‍സില്‍ നിന്നുള്ള ക്ലോയി. സ്റ്റാറ്റ്‌സ്ബാലേയില്‍ ആദ്യമായി എത്തിയ സമയം മുതല്‍ തന്റെ നിറത്തെ കുറിച്ച് മോശമായ അഭിപ്രായങ്ങളാണ് നിരവധി പേര്‍ പറഞ്ഞതെന്ന് ക്ലോയി പറയുന്നു.
‘സ്റ്റാറ്റ്‌സ്ബാലേയിലെ ആദ്യ കറുത്ത വംശജയായ നര്‍ത്തകിയാണ് ഞാന്‍. ഇവിടെ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് നല്ല സന്തോഷമായിരുന്നു. അഭിമാനവും തോന്നിയിരുന്നു. അതേസമയം എന്റെ നിറത്തിന്റെ പേരിലല്ല, കഴിവിന്റെ പേരിലായിരിക്കണം ആളുകള്‍ എന്നെ കുറിച്ച് സംസാരിക്കേണ്ടതെന്നായിരുന്നു എന്റെ ആഗ്രഹം.
പക്ഷെ ഒരു ബാലേ മിസ്ട്രസ് പറഞ്ഞത് കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ ബാലേ കളിക്കുന്നതിന് സൗന്ദര്യാത്മകതയില്ലെന്നും അതുകൊണ്ട് എന്നെ സ്റ്റാറ്റ്‌സ്ബാലേയില്‍ എടുക്കരുതെന്നുമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തവണ ഈ മിസ്ട്ര്‌സ് റേസിസ്റ്റ് തമാശകളും കമന്റുകളും പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു സംഭവം എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു.
ഒരു പെര്‍ഫോമന്‍സിനായി എല്ലാവരും വെള്ളനിറത്തിലുള്ള ഷോള്‍ തലയില്‍ ധരിക്കണമായിരുന്നു. ഇവര്‍ എല്ലാവര്‍ക്കും ഷോള്‍ കൊടുത്ത ശേഷം എന്റെ അടുത്തെത്തിയപ്പോള്‍, ‘നീ കറുത്തവളാണ് ഈ ഷോള്‍ വെള്ളയും, അതുകൊണ്ട് നിനക്ക് ഇത് ഞാന്‍ തരില്ല.’ എന്ന് പറഞ്ഞ് പരിഹസിച്ച് ചിരിച്ചു.
എനിക്ക് വലിയ നാണക്കേട് തോന്നി. പക്ഷെ അതിനേക്കാള്‍ എന്നെ ഞെട്ടിച്ചത് ഇത്തരം കാര്യങ്ങള്‍ പറഞ്ഞാലും ചെയ്താലും നടപടിയുണ്ടാകുമെന്ന ഒരു പേടിയും അവര്‍ക്കില്ലായിരുന്നു എന്നതാണ്.
കറുത്ത നിറമായതിനാല്‍ ഞാന്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്നുപോകില്ലെന്നും വെളുത്ത് കാണാനുള്ള മേക്ക്അപ്പ് ധരിച്ചാല്‍ മാത്രമേ മറ്റുള്ള ഡാന്‍സര്‍മാരോടൊപ്പം ചേര്‍ന്നുനില്‍ക്കുകയുള്ളൂവെന്നും പറഞ്ഞു. നിങ്ങള്‍ ഒരു ബ്ലാക് ഡാന്‍സറോട് വെള്ളനിറമാകാനുള്ള മേക്ക്അപ്പ് ഇടാന്‍ ആവശ്യപ്പെടുമ്പോള്‍ അവളുടെ വ്യക്തിത്വത്തെ കൂടിയാണ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്. തികച്ചും പിന്തിരിപ്പനും റേസിസ്റ്റുമായ രീതിയാണിത്.’ ക്ലോയി പറഞ്ഞു.
കറുത്ത വര്‍ഗക്കാരിയായ ഒരു ചെറിയ പെണ്‍കുട്ടിക്കും ‘ശരിയല്ലാത്ത നിറ’ത്തിന്റെ പേരില്‍ തനിക്ക് പറ്റാത്ത മേഖലയാണ് ഇതെന്ന് ഒരിക്കലും തോന്നരുതെന്നും അതിനാലാണ് ഇത് തുറന്നു പറയുന്നതെന്നും ക്ലോയി കൂട്ടിച്ചേര്‍ത്തു.
ക്ലോയിക്ക് പിന്തുണയുമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. വിഷയത്തില്‍ സ്റ്റാറ്റ്‌സ്ബാലേ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക