ഗ്വാദര്‍: പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗ്വാദര്‍ നഗരത്തിലുള്ള ഹോട്ടലില്‍ മൂന്നു ഭീകരര്‍ അതിക്രമിച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം വിഘടനവാദ സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു.
ഹോട്ടലിലെ താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പാക് അധികൃതര്‍ അറിയിച്ചു. ഹോട്ടലില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരരെ ഹോട്ടലില്‍ കയറുന്നതില്‍ നിന്നു തടയുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.
ഹോട്ടലിലെ എല്ലാ താമസക്കാരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി ബലൂചിസ്താന്‍ വിവരസാങ്കേതിക മന്ത്രി സഹൂര്‍ ബുലേദിയാണ് അറിയിച്ചത്. അതേസമയം ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുള്ളതായും, പലരും ധരിച്ചിരിക്കുന്നത് സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ജാക്കറ്റുകളാണെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖല പൂര്‍ണമായും സുരക്ഷാസൈനികര്‍ വളഞ്ഞുകഴിഞ്ഞു.
ഗ്വാദറിലെ പേള്‍ കോണ്ടിനെന്റല്‍ എന്ന ഹോട്ടലിലാണു ഭീകരര്‍ അതിക്രമിച്ചു കയറിയത്. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഏക ആഡംബര ഹോട്ടലാണിത്.
ഭീകരസംഘടനയായ പാകിസ്ഥാനി താലിബാന്‍, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി, ലഷ്‌കറെ ജാംഗ്വി എന്നിവ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന ബലൂചിസ്താനിലെ തുറമുഖനഗരമാണു ഗ്വാദര്‍.