| Thursday, 4th November 2021, 10:44 pm

സര്‍ക്കാരിന് അഞ്ച് വര്‍ഷം നിലനില്‍ക്കാമെങ്കില്‍ കര്‍ഷക സമരത്തിനും അത് സാധിക്കും: രാകേഷ് ടികായത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിന് അഞ്ച് വര്‍ഷം നിലനില്‍ക്കാമെങ്കില്‍ കര്‍ഷക സമരത്തിനും അത്രയും കാലം സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഗാസിപ്പൂരിലെ സമരവേദിയില്‍ കര്‍ഷകര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമരം എത്ര കാലം നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിനാണ് അഞ്ച് വര്‍ഷം വരെയും നീളാമെന്ന് മറുപടി നല്‍കിയത്. കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടമായ ധീര യോദ്ധാക്കളെ സ്മരിച്ചു കൊണ്ട് ‘ദൊ ദിയേ ശഹീദോ കേ ലിയെ’ എന്ന പേരില്‍ അനുസ്മരണ പരിപാടി നടത്തുകയും ചെയ്തു.

ജനുവരി 22നാണ് കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയതെന്നും കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്നും ടികായത് എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

സമരത്തില്‍ ആളുകളുടെ സാന്നിധ്യം കുറയുന്നത് ഒരു പ്രശ്‌നമല്ലെന്നും ഒരുപാട് പേരുടെ ചിന്തകളും മനസും അഭിപ്രായവും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ടികായത് കൂട്ടിച്ചേര്‍ത്തു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുന്‍ നേതാവ് യോഗേന്ദ്ര യാദവിനെക്കുറിച്ചുള്ള ചോദ്യത്തിന് ”അദ്ദേഹം ഒരു പുസ്തകം എഴുതുന്നതിന് വേണ്ടി കുറച്ച് സമയത്തേക്ക് മാറി നില്‍ക്കുകയാണ്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ ആഭ്യന്തര പ്രശ്‌നങ്ങളൊന്നുമില്ല,” എന്നായിരുന്നു രാകേഷ് ടികായതിന്റെ മറുപടി.

തിക്രി അതിര്‍ത്തിയില്‍ സമരകേന്ദ്രം ഇല്ലെന്നും അവിടെ മൂന്ന് സ്ത്രീകള്‍ ട്രക്ക് ഇടിച്ച് ദാരുണമായി മരിച്ചതിന് കര്‍ഷക സമരവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിഹാങ് സിഖ് സെക്ടിലെ അംഗങ്ങളായ ചിലര്‍ ചേര്‍ന്ന് ഒരു ദളിത് തൊഴിലാളിയെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവിലെ സമരസ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തോടുള്ള പ്രതികരണം ചോദിച്ചപ്പോള്‍, ഈയൊരു സംഭവത്തിന്റെ പേരില്‍ കര്‍ഷക സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല എന്നും ടികായത് പ്രതികരിച്ചു.

വിലക്കയറ്റത്തിന്റേയും ദാരിദ്യത്തിന്റേയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ടികായത് ഇന്ത്യയില്‍ ദീപാവലിയ്ക്ക് ദീപം തെളിയിക്കാനുള്ള സാമ്പത്തിക സ്ഥിതി പോലും പല കുടുംബങ്ങള്‍ക്കും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BKU leader Rakesh Tikait says If government can run for 5 years then farmer’s protest can also

We use cookies to give you the best possible experience. Learn more