| Thursday, 10th December 2020, 11:49 pm

'ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, ഗൗതം നവ്‌ലാഖ...'; ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും വിട്ടയക്കണമെന്ന് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍ഷിക പ്രതിഷേധത്തിനിടെ ബുദ്ധിജീവികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും മോചനം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയനാണ് (എക്താ ഉഗ്രഹണ്‍) പ്രധാനമായും എല്‍ഗാര്‍ പരിഷദ് കേസിലും ദല്‍ഹി കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരെയും ബുദ്ധി ജീവികളെയും വിട്ടയക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ബി.കെ.യു സംഘടനയിലെ കര്‍ഷകരാണ് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധിച്ചത്. ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംദെ, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു.

‘മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് അജണ്ടയാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് അംബാനിയെയും അദാനിയെയും സഹായിച്ചിട്ട് മറുഭാഗത്ത് സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയുമൊക്കെ ജയിലിലാക്കും. ദല്‍ഹി കലാപക്കേസിലും ഭീമ കോറെഗാവ് കേസിലുമായി നിരവധി പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യാവകാശ ദിവനത്തില്‍ ഇങ്ങനെയൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്,’ ബി.കെ.യുവിന്റെ വൈസ് പ്രസിഡന്റ് ഝന്ദ സിംഗ് ജെതുകെ പറഞ്ഞു.

അതേസമയം ദല്‍ഹിയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. നിയമം പിന്‍വലിച്ചില്ലെങ്കില്‍ റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

‘ഡിസംബര്‍ പത്ത് വരെ സമയം നല്‍കിയിരുന്നു. ഞങ്ങളെ കേള്‍ക്കാനും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും പ്രധാനമന്ത്രി തയ്യാറാവുന്നില്ലാ എങ്കില്‍ ഞങ്ങള്‍ റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിക്കും. ഇന്ത്യയിലെ എല്ലാ ജനങ്ങളും റെയില്‍ വേ ട്രാക്കുകളിലേക്കിറങ്ങും,’ കര്‍ഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു.

ഇന്ന് സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കര്‍ഷകര്‍.

നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്ക് വേണ്ടിയല്ല കച്ചവടക്കാര്‍ക്ക് വേണ്ടിയാണെന്ന കാര്യം കേന്ദ്രം സമ്മതിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബിര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.

ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.

ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BKU Ekta Ugrahan observing human rights day at Tikri border, want release of writers, intellectuals, rationalists

We use cookies to give you the best possible experience. Learn more