ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാക്‌ബോട്ട് കത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രസ്താവനയിറക്കിയ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.കെ ലോഷാലിയെ കോസ്റ്റ്ഗാര്‍ഡ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. പാക് ബോട്ട് തകര്‍ത്തുവെന്ന് അവകാശപ്പെട്ട് കൊണ്ട് ലോഷാലി പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടു വന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോര്‍ട്ട് മാര്‍ഷല്‍ നടത്തിയാണ് ലോഷാലിയെ പുറത്താക്കിയത്. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ലോഷാലിക്കെതിരെ അന്വേഷണം നടത്തിയിരുന്നത്. അന്വേഷണം നടക്കുന്നതിനിടെ വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയില്‍ നിന്നും ഗുജറാത്തിലെ റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക ലോഷാലിയെ സ്ഥലം മാറ്റിയിരുന്നു.
2014 ഡിസംബര്‍ 31ന് ഗുജറാത്ത് തീരത്ത് പാക് ബോട്ട് സ്വമേധയാ കത്തിയ സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോട്ടിലുള്ളവര്‍ സ്വയം കത്തിച്ചതാണെന്നും ഇതിന്റെ തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ പുറത്ത് വിടുമെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഗാന്ധിനഗറില്‍ വെച്ച് താന്‍ ബോട്ട് തകര്‍ക്കാന്‍ ഉത്തരവിട്ടെന്നും ഭീകര്‍ക്ക് ബിരിയാണി നല്‍കലല്ല മറിച്ച് അവരെ നശിപ്പിക്കലാണ് തങ്ങളുടെ ദൗത്യമെന്നുമാണ് ബി.കെ ലോഷാലി പറഞ്ഞിരുന്നത്.