കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ പരാമര്‍ശത്തില്‍ ഗായകന്‍ സന്നിധാനന്ദന് ഐക്യദാര്‍ഢ്യവുമായി ബി.കെ. ഹരിനാരായണന്‍. മുടിയഴിച്ചിട്ട് തന്നെ സന്നിധാനന്ദന്‍ ഇനിയും പാടും, ഒപ്പമുണ്ടാവുമെന്ന് ഹരിനാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്ന് പറഞ്ഞുകൊണ്ട് ഉഷാ കുമാരിയെന്ന പ്രൊഫൈലില്‍ നിന്നുണ്ടായ അധിക്ഷേപത്തിലാണ് പ്രതികരണം.
‘കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്, ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം, അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും,’ എന്നാണ് ഹരിനാരായണന്‍ കുറിച്ചത്.
സന്നിധാനന്ദന്‍ തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും സംഗീത ലോകത്ത് നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ഹരിനാരായണന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുമുടി താങ്കീ…എന്ന പാട്ട് പടികൊണ്ടാണ് സന്നിധാനന്ദന്‍ സംഗീത ലോകത്തേക്ക് എത്തുന്നത്. പാട്ടിന്റെ ആ ഇരു ‘മുടി’യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയതെന്നും ഹരിനാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
1994 ആണ് കാലം.
പൂരപ്പറമ്പില്‍, ജനറേറ്ററില്‍, ഡീസല്‍ തീര്‍ന്നാല്‍, വെള്ളം തീര്‍ന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന്‍ കാവല്‍ നിര്‍ത്തിയിരിക്കുന്ന പയ്യന്‍, ടൂബ് ലൈറ്റുകള്‍ കെട്ടാന്‍ സഹായിച്ച്, രാത്രി മുഴുവന്‍ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും, വേണമെങ്കില്‍ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിന്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട അവന്‍ കണ്ണ് മിഴിച്ച് കാതും കൂര്‍പ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും.
ചേട്ടാ ഞാനൊരു പാട്ട് പാടട്ടെ?
ചെലോര് കളിയാക്കും, ചിരിക്കും ചെലോര്
‘പോയേരാ അവിടന്ന്’ എന്ന് ആട്ടിപ്പായിക്കും. അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും, ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവന്‍ അവസരം ചോദിച്ചിരിക്കും.
നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് നിറത്തിന്റെ, രൂപത്തിന്റെ പേരിലുള്ള കളിയാക്കലും.
ഒരു ദിവസം, ഏതോ സ്‌കൂള്‍ ഗ്രൗണ്ടില്‍, വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്, കുറച്ച് നേരം പാട്ട് കേട്ടിരുന്നു, അവന്‍ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
‘ചേട്ടാ ഇയ്‌ക്കൊരു പാട്ട് പാടാന്‍ ചാന്‍സ് തര്വോ?
അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും, മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
‘വാ…പാട്’
ആ ഉത്തരം അവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ആവേശത്തില്‍, നേരെ ചെന്ന്, ജീവിതത്തില്‍ ആദ്യമായി മൈക്ക് എടുത്ത്
ചെക്കനങ്ങട്ട് പൊരിച്ചു.
‘ഇരുമുടി താങ്കീ…’
മൊത്തത്തില്‍ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി, ആള്‍ക്കാര് കൂടി കയ്യടിയായി. പാട്ടിന്റെ ആ ഇരു ‘മുടി ‘ ‘യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്
കാല്‍ച്ചുവട്ടിലെ കനലാണ്
അവന്റെ കുരല്
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം
അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും
ഒപ്പം
Content Highlight: BK Harinarayan stands in solidarity with singer Sannidhanandan