| Friday, 6th October 2017, 3:27 pm

കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടും കേരളത്തില്‍ ബി.ജെ.പി പച്ചതൊട്ടിട്ടില്ല. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ ഭിന്നിച്ച് നില്‍ക്കുന്നത് ഈ ശ്രമങ്ങളും വെറുതെയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പിയില്‍ യാതൊരു പ്രവര്‍ത്തന പരിചയവും ഇല്ലാതിരുന്ന കുമ്മനം രാജശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് ബി.ജെ.പി സംസ്ഥാന ഘടകത്തിനുള്ളില്‍ എതിര്‍പ്പുയരാന്‍ കാരണമായി. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പ്രസിഡന്റ് പദവിയില്‍ കണ്ണുനട്ടിരിക്കുമ്പോഴാണ് അമിതാഷാ കുമ്മനത്തെ ഇറക്കിയത്.

  ജൂണില്‍ അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും തണുത്തപ്രതികരണമാണ് ലഭിച്ചിരുന്നത്. കേന്ദ്രവും സംസ്ഥാന നേതാക്കളും തമ്മിലുള്ള അകല്‍ച്ചയുടെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.


Read more:  ‘ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് ഫുഡ് ജിഹാദ്’ മുസ്‌ലീങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചരണവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍


 മെഡിക്കല്‍ കോളേജ് കോഴവിവാദം ഉയര്‍ന്നുവന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവിനെതിരെ നടപടി സ്വീകരിക്കേണ്ടി വന്നിരുന്നു.

 അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംസ്ഥാന നേതൃത്വം ആഘോഷമാക്കിയിരുന്നില്ല.

 കണ്ണൂരില്‍ ബി.ജെ.പി ജനരക്ഷായാത്ര നടത്തിയപ്പോള്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭിന്നിപ്പ് കൂടുതല്‍ വ്യക്തമായി. ജനരക്ഷാ യാത്രയ്ക്കായി കേന്ദ്രനേതൃത്വം വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ കുടുങ്ങിപോയിരുന്നു. ഇവര്‍ക്കായുള്ള സൗകര്യമൊരുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയില്‍പ്പെട്ടതായിരുന്നു.

ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് പോലും ബി.ജെ.പിക്ക് കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വസ്തുത.

We use cookies to give you the best possible experience. Learn more