ന്യൂദല്‍ഹി:ഊര്‍ജിത് പട്ടേലിന്റെ രാജി ബി.ജെ.പിയുടെ ഭരണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ധനകാര്യമന്ത്രി പി.ചിദംബരവും കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്ത്. ജനാധിപത്യ സ്ഥാപനങ്ങളുടെ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത്തിന്റെ രാജിയില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.
ഊര്‍ജിത് പട്ടേലിന്റെ തീരുമാനത്തില്‍ ആശ്ചര്യമല്ല, ദുഖമാണുള്ളതെന്ന് പി.ചിദംബരം. ആത്മാഭിമാനമുള്ള ഒരാള്‍ക്കും ഈ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നവംബര്‍ 19( ആര്‍.ബി.ഐ മേധാവികളുടെ ബോര്‍ഡ് മീറ്റിങ്ങ് നടന്ന ദിവസം)ന് തന്നെ അദ്ദേഹം രാജി വെക്കേണ്ടിയിരുന്നു. സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്ന് ഊര്‍ജിത് കരുതിക്കാണണം. എന്നാല്‍ എനിക്കറിയാമായിരുന്നു അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന്. നാണം കെടുത്തുന്ന അടുത്ത മീറ്റിങ്ങിനു മുമ്പ് അദ്ദേഹം രാജി വെച്ചത് നന്നായി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഒരാള്‍ കൂടെ പുറത്തു പോയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കു മേലുള്ള നമ്മുടെ ചൗകിധാറിന്റെ കടന്നു കയറ്റത്തിന്റെ ഫലമാണിത്. ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ആര്‍.ബി.ഐ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ കൂടിക്കാഴ്ച ഇന്ത്യന്‍ സമ്പദ്ഘടനയുടേയും ആര്‍.ബി.ഐയുടെ പരമാധികാരത്തിന്റെയും അന്ത്യദിനം ആയിരിക്കുമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചിരുന്നു. “ലോകത്തെവിടെയും കേന്ദ്ര ബാങ്ക് ബോര്‍ഡ് നിയന്ത്രിത കമ്പനിയല്ല. സ്വകാര്യ ബിസിനസ്സുകാര്‍ ആര്‍.ബി.ഐ ഗവര്‍ണ്ണറെ നിയന്ത്രിക്കുക എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്ത ആശയമാണ്”- നവംബര്‍ 19ന് മുന്നോടിയായി ചിദംബരം പറഞ്ഞിരുന്നു.
ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ രംഗത്തെത്തിയതോടെയാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം വഷളായത്. 1990ന് ശേഷം ആദ്യമായാണ് ഒരു ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ കലാവധിക്കു മുമ്പ് രാജി വെച്ച് പുറത്തു പോകുന്നത്.