D' Election 2019
ബി.ജെ.പിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; വിലക്കിയതു കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ഗാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 07, 02:55 am
Sunday, 7th April 2019, 8:25 am

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബി.ജെ.പി തയ്യാറാക്കിയ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ഗാനത്തിനാണു വിലക്ക്.

ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: സാമ്പത്തിക ക്രമക്കേട് കേസില്‍ ബി.ജെ.പി നേതാവ് രമണ്‍ സിങ്ങിന്റെ മരുമകന് ലുക്ക് ഔട്ട് നോട്ടീസ്; നടത്തിയത് 50 കോടിയുടെ ക്രമക്കേട്

ഗാനത്തിന്റെ ഉള്ളടക്കത്തിനെതിരേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തില്‍ ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് “നോ” പറയുന്നതായും കാണിക്കുന്നുണ്ട്. “ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല” എന്ന വാചകത്തോടെ ഈ ഗാനം സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു.