ന്യൂദല്‍ഹി: ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് തരുണ്‍ വിജയ്. പിണറായി വിജയന്റേത് “കപട” ആശങ്കയാണെന്നാണ് തരുണ്‍ വിജയ് പറഞ്ഞത്.
സ്വന്തം സംസ്ഥാനത്ത് കേരളീയര്‍ “ഏറ്റവും അസുരക്ഷിതരായി” കഴിയുകയാണെന്നു പറഞ്ഞായിരുന്നു ബി.ജെ.പി നേതാവ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തുവന്നത്.
“ഹരിയാനയിലുള്ള കേരളീയരുടെ സുരക്ഷയില്‍ കപട ആശങ്ക കാണിച്ച പിണറായി ഈ ചോദ്യത്തിന് മറുപടി പറയണം. കേരളത്തില്‍ കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ? ഇന്ത്യയില്‍ മലയാളികള്‍ക്ക് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞത് കേരളത്തില്‍ തന്നെയാണ്.” മുന്‍ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.
“കേരളത്തിലാണ് മലയാളികള്‍ ഏറ്റവും അരക്ഷിതരായി കഴിയുന്നത്. പ്രത്യേകിച്ച് സര്‍ക്കാറിനോട് എതിരഭിപ്രായമുള്ളവര്‍.” അദ്ദേഹം പറഞ്ഞു.
വ്യാവസായിക വികസനത്തിന്റെ നവയുഗത്തിന് തുടക്കമിട്ട ഹരിയാന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളെ സംബന്ധിച്ചും സുരക്ഷിത കേന്ദ്രമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം കേരളത്തെ കുറ്റപ്പെടുത്തിയത്.
ചില ഉദാഹരണങ്ങളും തരുണ്‍ വിജയ് എടുത്തുകാട്ടി. “കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പാലക്കാട്ടെ സര്‍ക്കാര്‍ വിക്‌ടോറിയ കോളജില്‍ സി.പി.ഐ.എം ഗുണ്ടകള്‍ ദളിതയായ വനിതാ പ്രിന്‍സിപ്പലിന് ശവക്കുഴി സമ്മാനമായി നല്‍കി. 13 മാസത്തിനിടെ പതിനാല് ആര്‍.എസ്.എസുകാരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതില്‍ നാലുപേര്‍ ദളിതരാണ്.” അദ്ദേഹം പറഞ്ഞു.
“ഇതെല്ലാം സുരക്ഷിത കേരളത്തിന്റെ ലക്ഷണമാണോ? എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയന്‍ ആദ്യം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.